കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് ശേഖരം പിടിച്ചു. കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ തലപ്പാടിയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. കഞ്ചാവ് കടത്തുകയായിരുന്ന ചെട്ടുംകുഴി സ്വദേശി ജി.കെ. മുഹമ്മദ് അജ്മലിനെ (23) എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കാറില്‍നിന്ന് 114 കിലോ കഞ്ചാവ് ശേഖരമാണ് പിടികൂടിയത്. രണ്ട് കിലോയിലധികം വരുന്ന 54 പാക്കറ്റുകളാക്കി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കാസര്‍കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഇ.കെ. ബിജോയ്, എം.വി. സുധീന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശൈലേഷ് കുമാര്‍, എല്‍. മോഹന്‍കുമാര്‍, വി. മഞ്ജുനാഥ്, സി. അജീഷ്, എക്സൈസ് ഡ്രൈവര്‍ പി.വി. ഡിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടികൂടിയ കഞ്ചാവിന് 20 ലക്ഷം രൂപയോളം വിലമതിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.