അങ്കമാലി: കറുകുറ്റി റെയില്‍വേ സ്റ്റേഷന് ഭാഗത്തു നിന്ന് 1.285 കിലോ കഞ്ചാവ് പിടിച്ചു. ബംഗാള്‍ സ്വദേശി മഹാദേബ് റോയ് (26), ഒഡീഷ സ്വദേശി ശേഷാദിബ റൗട്ട് (19) എന്നിവരാണ് അങ്കമാലി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്. പ്രശാന്തിന്റെ നേതൃത്വത്തിലാണ് ഇവരെ പിടിച്ചത്. ശേഷാദിബ റൗട്ട് മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്ക് കഞ്ചാവ് കൈമാറുന്നതിനു വേണ്ടി കറുകുറ്റി അഡ്ലക്സിന്റെ ഭാഗത്ത് വന്നപ്പോഴാണ് പട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. ഇയാളുടെ കൈയില്‍നിന്ന് 35 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.
ശേഷാദിബ റൗട്ട് കേരളത്തില്‍ വന്നിട്ട് ഒരു വര്‍ഷത്തോളമായി. ശേഷാദിബ റൗട്ടിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കഞ്ചാവ് വാങ്ങുന്നത് ഒഡീഷ സ്വദേശി മഹാദേബ് റോയിയില്‍ നിന്നാണെന്ന് മനസ്സിലായത്. മഹാദേബ് റോയിയുടെ പക്കല്‍നിന്ന് ഒരു പൊതിക്ക് 1,000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് 2,000 രൂപയ്ക്കാണ് ഇയാള്‍ മറിച്ചു വില്‍ക്കുന്നത്. കൂടെ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് സ്ഥിരം ഇടപാടുകാര്‍.
മഹാദേബ് റോയിയെ പിടിക്കുന്നതിനു വേണ്ടി എക്സൈസ് സംഘം കഞ്ചാവ് ഇടപാടുകാരെന്ന വ്യാജേന മഹാദേബ് റോയിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടു. കഞ്ചാവ് വാങ്ങാന്‍ മഹാദേബ് റോയ് പറഞ്ഞ സ്ഥലത്ത് എക്സൈസുകാര് എത്തി. എക്സൈസുകാരാണെന്ന് മനസ്സിലാക്കി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മഹാദേബ് റോയിയെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇയാളുടെ ബാഗില്‍നിന്ന് 1.250 കിലോ കഞ്ചാവ് കണ്ടെത്തി. 55 ചെറു പൊതികളിലാക്കി, ഓരോ പൊതിയും കറുത്ത പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കഞ്ചാവ് ബാഗില്‍ സൂക്ഷിച്ചിരുന്നത്.
എട്ട് മാസമായി ഇയാള്‍ കേരളത്തില്‍ വന്നിട്ട്. ബംഗാളില്‍ നിന്ന് ഒരു കിലോയ്ക്ക് 15,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തില്‍ വിറ്റാല്‍ 50,000 രൂപ ലഭിക്കും. ബംഗാളില്‍ നിന്നു കൊണ്ടുവരുന്ന കഞ്ചാവ് പ്ലാസ്റ്റിക് കവറില്‍ ചെറു പൊതികളിലാക്കി മണ്ണിനടിയില്‍ കുഴിച്ചിട്ടാണ് സൂക്ഷിക്കുന്നത്. ഇരുവരെയും അങ്കമാലി കോടതിയില്‍ ഹാജരാക്കി.
പരിശോധനയില്‍ പ്രിവന്റീവ് ഓഫീസറായ പി.കെ. ബിജു, സി.എന്‍. രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എസ്. പ്രശാന്ത്, പി.എന്‍. അജി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വി.പി. വിജു, എക്സൈസ് ഡ്രൈവര്‍ ബെന്നി പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.
Content highlights: Crime news, Ganja, Angamaly