മുതലമട: മീന്‍ വളര്‍ത്തലിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ മലപ്പുറം സ്വദേശി പിടിയിലായി. കാറില്‍ കടത്തുകയായിരുന്ന 11 കിലോ കഞ്ചാവുമായാണ് തിരൂരങ്ങാടി മൂന്നിയൂര്‍ സൗത്ത് കുന്നത്ത് പറമ്പില്‍ കല്ലാക്കന്‍  എം. ഫൈസല്‍ (36) പിടിയിലായത്. കൊല്ലങ്കോട് പോലീസും പാലക്കാട് ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച രണ്ടരയോടെയാണ് ഇയാള്‍ വലയിലായത്.

മുതലമട റെയില്‍വേസ്റ്റേഷനു സമീപത്തെ അടിപ്പാത കഴിഞ്ഞ് നന്ദിയോട് ഭാഗത്തേക്ക് 100 മീറ്റര്‍ കഴിഞ്ഞുള്ള സ്ഥലത്ത് കാറില്‍ വന്ന ഫൈസലിനെ വളഞ്ഞുപിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന സുഹൃത്ത് മാവിന്‍തോട്ടത്തിലൂടെ ഓടിരക്ഷപ്പെട്ടു.

തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവന്ന കഞ്ചാവ് തൃശ്ശൂര്‍ ഭാഗത്ത് സംഭരിച്ച് ചില്ലറവില്‍പ്പനക്ക് കൊല്ലങ്കോട് മേഖലയിലെ കച്ചവടക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ കാറില്‍ വരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മുതലമട മല്ലങ്കുളമ്പില്‍ കുളം പാട്ടത്തിനെടുത്ത് മീന്‍ വളര്‍ത്തുന്ന സംഘത്തിലെയാളാണ് ഫൈസലെന്ന് പോലീസ് പറഞ്ഞു.

ഫൈസലിനെ കോവിഡ് പരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കും.പിടികൂടിയ കഞ്ചാവിന് ചില്ലറവിപണിയില്‍ 10 ലക്ഷം രൂപയോളം വില വരും.

നാലുകിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍ 

കൊണ്ടോട്ടി: തമിഴ്നാട്ടില്‍നിന്ന് കഞ്ചാവുമായി വന്ന യുവാവിനെ ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും കൊണ്ടോട്ടി പോലീസും ചേര്‍ന്ന് പിടികൂടി. തഞ്ചാവൂര്‍ സ്വദേശി ബാലാജി(24)യെയാണ് നാലുകിലോ കഞ്ചാവുമായി വിമാനത്താവള റോഡില്‍നിന്ന് പിടികൂടിയത്.

ganja case
ബാലാജി

രണ്ടുദിവസം മുന്‍പ് 23.5 കിലോ കഞ്ചാവുമായി കോയമ്പത്തൂര്‍ ഉക്കടം സ്വദേശി നൂര്‍ മുഹമ്മദിനെ പിടികൂടിയിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബാലാജി വലയിലായത്. കഞ്ചാവ് വിദേശത്തേക്കു കടത്താനുള്ള ശ്രമമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ജില്ലയിലെ മയക്കുമരുന്ന് ലഹരിമാഫിയയില്‍ ഉള്‍പ്പെട്ട നിരവധിയാളുകളെ സംബന്ധിച്ച് പോലീസിന് വിവരംലഭിച്ചിട്ടുണ്ട്. മയക്കുമരുന്നുകേസില്‍ ഉള്‍പ്പെടുന്നവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുന്നതിനും കാപ്പ ചുമത്തുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചതായി പോലീസ് പറഞ്ഞു.

ഡിവൈ.എസ്.പി ഹരിദാസന്‍, നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി പി.പി. ഷംസ് എന്നിവരുടെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുള്‍അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Content Highlights: ganja seized from youth