പാലക്കാട്: മധുരക്കിഴങ്ങെന്ന വ്യാജേന വിശാഖപട്ടണത്തുനിന്ന് എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ച 125 കിലോഗ്രാം കഞ്ചാവ് വാളയാർ ടോൾപ്ലാസയിലെ പരിശോധനയ്ക്കിടെ പിടികൂടി. ഒന്നരക്കോടിയിലേരെ വിലമതിക്കുന്നതാണിത്. കഞ്ചാവ് കടത്തിയ പിക്കപ്പ് വാനും പൈലറ്റ് വാഹനമായെത്തിയ കാറും പിടിച്ചെടുത്തു. നാലുപേരെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെ ഏഴോടെ പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡും ഡെപ്യൂട്ടി കമ്മിഷണറുടെ സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. തലശ്ശേരി രജിസ്ട്രേഷനുള്ള പിക്കപ്പ് വാനിൽ മധുരക്കിഴങ്ങ് ചാക്കുകൾക്കടിയിലായിരുന്നു കഞ്ചാവ് ബാഗുകൾ അടുക്കിവെച്ചിരുന്നത്. പിക്കപ്പ് വാനിനുമുന്നിൽ പട്ടാമ്പി രജിസ്ട്രേഷനുള്ള പുതിയമോഡൽ കാറും ഉണ്ടായിരുന്നു.

വിശാഖപട്ടണം ജില്ലയിലെ പാടയിലു എന്ന സ്ഥലത്തുനിന്ന് വാങ്ങിയ കഞ്ചാവാണിതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. വാനിലുണ്ടായിരുന്ന പട്ടാമ്പി തിരുവേഗപ്പുറ ചെമ്പ്ര കളത്തുംപടി വിജേഷ് (31), പയ്യന്നൂർ കണ്ണമംഗലം കൂറ്റൻപറമ്പിൽ ഷിനോജ് (33), കാറിൽ സഞ്ചരിച്ച എറണാകുളം കണയന്നൂർ പൂണിത്തുറ പറപ്പുള്ളി സിക്സൺ (31), തൃപ്പൂണിത്തുറ കൊപ്പാണ്ടിശ്ശേരി രാജേഷ് (42) എന്നിവരാണ് അറസ്റ്റിലായത്.

പിടിയിലായ വാഹനങ്ങൾക്ക് 50 ലക്ഷത്തിലേറെ വിലവരും. പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഷാജി എസ്.രാജന്റെ നേതൃത്വത്തിൽ അറസ്റ്റിലായവരെ ചോദ്യംചെയ്തു. സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ്, ഉദ്യോഗസ്ഥരായ ഷൗക്കത്തലി, മൻസൂർ അലി, എസ്. രാജേഷ്, ഓസ്റ്റിൻ കെ.ജെ. തുടങ്ങിയവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്. പിടിയിലായവരുടെ പേരിൽ മറ്റ് എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമായി കേസുണ്ടെന്ന് അധികൃതർ പറഞ്ഞു.

Content Highlights:ganja seized from walayar