ആലുവ: 48 കിലോ കഞ്ചാവുമായി രണ്ടുപേരെ ആലുവയില്‍ എക്‌സൈസ് പിടിച്ചു. ആന്ധ്രയില്‍നിന്ന് തീവണ്ടിമാര്‍ഗം എറണാകുളത്തേക്ക് കടത്തുകയായിരുന്നു കഞ്ചാവ്. മലപ്പുറം സ്വദേശിയായ തോട്ടുനഗപ്പുരയ്ക്കല്‍ നിധിന്‍നാഥ് (26), കര്‍ണാടക സ്വദേശിയും മലയാളിയുമായ സുധീര്‍ കൃഷ്ണന്‍ (45) എന്നിവരാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്.

എ.സി. കമ്പാര്‍ട്ടുമെന്റില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഐ.ഡി. കാര്‍ഡ് ധരിച്ച് യാത്ര ചെയ്യുകയായിരുന്നു. സംശയംതോന്നി ചോദ്യം ചെയ്തപ്പോളാണ് കഞ്ചാവ് കടത്തിന്റെ ചുരുള്‍ അഴിയുന്നത്. വിശാഖപട്ടണത്തു നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇവര്‍ പറഞ്ഞു. ഇടുക്കി സ്വദേശിയായ ആള്‍ക്ക് കൈമാറുന്നതിനു വേണ്ടി എറണാകുളത്തേക്ക് കൊണ്ടുപോകവേയാണ് ഇരുവരും പിടിയിലായത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ട്രെയില്‍ മാര്‍ഗം മയക്കുമരുന്ന് കടത്തുന്നത് തടയുന്നതിനായി എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ ഒരു പ്രത്യേക ടീമിനെ ആലുവ എക്‌സൈസ് റേഞ്ചില്‍ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസിന്റെ 'സ്‌കീം ഓഫ് ബന്തവസി'ന്റെ ഭാഗമായാണിത്.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ട്രെയിനുകളില്‍ പരിശോധനകള്‍ ശക്തമാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. അജിരാജ്, ആര്‍.പി.എഫ്. സബ് ഇന്‍സ്‌പെക്ടര്‍ പി.വി. രാജു എന്നിവരെ കൂടാതെ, പ്രിവന്റിവ് ഓഫീസര്‍ എന്‍.ജി. അജിത്ത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍.ഡി. ടോമി, കെ.ആര്‍. രതീഷ്, ശിരിഷ് കൃഷ്ണന്‍, എസ്. അനൂപ്, പി.യു. നീതു, കെ.എം. തസിയ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.