ആലുവ: അതിഥി തൊഴിലാളികളെ കൊണ്ടുവരുന്നതിന്റെ മറവില്‍ ടൂറിസ്റ്റ് ബസില്‍ 150 കിലോ കഞ്ചാവ് കടത്തിയ കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. ആലുവ ചൂര്‍ണിക്കര കുന്നത്തേരി ബംഗ്ലാപറമ്പില്‍ വീട്ടില്‍ സലാം (43) ആണ് പിടിയിലായത്. ഈ മാസം 12-നാണ് സംഭവം. പാലക്കാട് കണ്ണാടി വില്ലേജില്‍ സേലം - കന്യാകുമാരി ദേശീയപാതയില്‍ പടിഞ്ഞാറെ യാക്കരയിലുള്ള സര്‍വീസ് റോഡില്‍ വെച്ചാണ് റാവൂസ് ട്രാവല്‍ ആന്‍ഡ് ടൂറിസ്റ്റ് ബസില്‍ കടത്തിയ കഞ്ചാവ് എക്സൈസ് പിടിച്ചത്.

കൊല്‍ക്കത്തയില്‍നിന്നുള്ള 50 തൊഴിലാളികളുമായി വരികയായിരുന്നു ബസ്. 70 പാക്കറ്റുകളാക്കി കടത്തിയ കഞ്ചാവ് രണ്ട് ആഡംബര കാറുകളിലായി കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

ആലുവ സ്വദേശികളായ സഞ്ജയ്, നിതീഷ് കുമാര്‍, ഫാരിസ് മാഹിന്‍, അജീഷ്, സുരേന്ദ്രന്‍ എന്നിവരെ അന്നുതന്നെ പിടിച്ചു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് സലാമിന്റെ പങ്ക് വ്യക്തമായത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയെ തുടര്‍ന്ന് സലാം ചൊവ്വാഴ്ച ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി സലാമിനെ പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ക്ക് കൈമാറി.