കാസർകോട്: ലോക്ഡൗണിൽ കട്ടപ്പുറത്തായിരുന്ന ടൂറിസ്റ്റ് ബസ് ആയിരത്തിലധികം കിലോ മീറ്ററുകൾ സഞ്ചരിച്ചത് വിനോദസഞ്ചാരത്തിനോ ലോക്ഡൗണിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനോ അല്ല. മറിച്ച് ആന്ധ്രയിൽനിന്ന് ലോക്ഡൗണിന്റെ മറവിൽ ലക്ഷങ്ങൾ വില മതിക്കുന്ന കഞ്ചാവ് ശേഖരം കേരളത്തിലേക്ക് എത്തിക്കാനായിരുന്നു.

കാസർകോട്ടെ എക്സ്പ്ലോർ എന്ന ടൂറിസ്റ്റ് ബസിൽനിന്ന് വെള്ളിയാഴ്ച പോലീസ് പിടിച്ചത് 240 കിലോ കഞ്ചാവ്. കാസർകോട് പോലീസ് അടുത്തകാലത്തായി നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ബസ് ഡ്രൈവർ ചെർക്കളയിലെ മുഹമ്മദ് ഹനീഫ (41), പെരിയാട്ടടുക്കത്തെ കെ.മൊയ്തീൻകുഞ്ഞി (28), ബസുടമയുടെ മകനും ചെങ്കള സ്വദേശിയുമായ മുഹമ്മദ് റെയിസ് (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ 10.30-നാണ് കഞ്ചാവ് പിടിച്ചത്. കാസർകോട് ഡിവൈ.എസ്.പി. പി.പി.സദാനന്ദന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വിദ്യാനഗർ ചെട്ടുംകുഴിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.

ആന്ധ്രയിൽനിന്ന് ആളുകളെ നാട്ടിലെത്തിക്കാനെന്ന വ്യാജേന ആർ.ടി.ഒയുടെ പ്രത്യേക പാസ് എടുത്തായിരുന്നു ബസിന്റെ സഞ്ചാരം. എന്നാൽ തിരികെ കഞ്ചാവ് മാത്രമാണ് എത്തിച്ചത്. ബസിന്റെ പിന്നിലെ അറയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്ന കഞ്ചാവ്. കർണാടക ചെക്പോസ്റ്റിൽ ടാക്സടച്ച രസീത് പ്രതികളിൽനിന്ന് കണ്ടെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച ബസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവ് ഒരുകോടിയോളം രൂപ വില വരും. അറസ്റ്റിലായ മുഹമ്മദ് ഹനീഫയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മാരകായുധങ്ങൾ കണ്ടെടുത്തു. വടിവാൾ, കഠാര, ബേസ്ബോൾ ബാറ്റ്, ഒരു കൈത്തോക്ക് എന്നിവയാണ് പിടികൂടിയത്.