തെന്മല: ആര്യങ്കാവ് കോട്ടവാസില്‍ വാഹനപരിശോധനയ്ക്കിടെ 65 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ആന്ധ്ര സ്വദേശികളായ ഹരിബാബു( 40) ചെമ്പട്ടി ബ്രമ്മയ്യ (35) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാറിന്റെ ഡോറിനുള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. 

വൈകിട്ട് മൂന്നോടെ തെന്മല കോട്ടവാസല്‍ ഭാഗത്ത് തെന്മല എസ്.ഐ ഡി.ജെ. ശാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹന പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ആന്ധ്ര സ്വദേശികള്‍ സഞ്ചരിച്ച വാഹനമെത്തുന്നത്. 

വാഹനത്തിന്റെ ഡോറുകളുടെ വശങ്ങളില്‍ സ്‌ക്രൂ പിടിപ്പിക്കാത്തത് പോലീസിന് സംശയമുണ്ടാക്കി. കാറിന്റെ പിന്‍ഭാഗത്ത് സ്‌ക്രൂഡ്രൈവറും ഡോറില്‍ നിന്ന് അഴിച്ചെടുത്ത സ്‌ക്രൂവും ഉള്‍പ്പെടെ പ്ലാസ്റ്റിക് കവറിലാക്കി കെട്ടിയനിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇതോടെ ഡോര്‍ അഴിച്ചു പരിശോധിച്ചു. തുടര്‍ന്നാണ് ഡോറിന്റെ വശങ്ങളില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് പൊതികള്‍ കണ്ടെത്തിയത്. പ്രതികളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

Content Highlights: ganja seized from thenmala kollam two arrested by police