കോട്ടയം: ഇതര സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ വന്‍ തോതില്‍ കഞ്ചാവെത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. കോട്ടയം കാരാപ്പുഴ പതിനാറില്‍ചിറ ഭാഗത്ത്, കൊച്ചുപറമ്പില്‍ വീട്ടില്‍ ബാദുഷ (24), പത്തനംതിട്ട ചാലപ്പള്ളി കുടകലുങ്കല്‍ ഭാഗത്ത് നന്ദനം വീട്ടില്‍ അഭിഷേക് കെ.മനോജ് (22), തിരുവാര്‍പ്പ് കാഞ്ഞിരംകരയില്‍ പാറേല്‍നാല്‍പ്പത്തില്‍ വീട്ടില്‍ പി.ആര്‍.ജെറിന്‍ (22) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ റിജൊ പി.ജോസഫ് അറസ്റ്റ് ചെയ്തത്. ട്രാവല്‍ ബാഗില്‍ കടത്തിക്കൊണ്ടുവന്ന എട്ടര കിലോ കഞ്ചാവ് ഇവരില്‍നിന്ന് പിടിച്ചെടുത്തു.

ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വ്യാഴാഴ്ച രാവിലെ പരിശോധന നടത്തുന്നതിനിടെ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് ആര്‍.എം.എസിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.

ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. കോട്ടയം നഗരമധ്യത്തില്‍ കുരുമുളക് സ്പ്രേ അടിച്ച് കൊറിയര്‍ സ്ഥാപനത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് പിടിയിലായ ബാദുഷ. ഇതുള്‍പ്പെടെ 15-ലേറെ കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ടെന്ന് പോലീസ് പറഞ്ഞു. ഗാന്ധിനഗര്‍, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് എന്നിവിടങ്ങളിലും വിവിധ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി ഡി.ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോട്ടയം ഈസ്റ്റ് എസ്.ഐ. ശ്രീരംഗന്‍, എ.എസ്.ഐ. ഷോബി, സ്‌ക്വാഡ് അംഗങ്ങളായ തോമസ് കെ.മാത്യു, പ്രതീഷ് രാജ്, പി.കെ.അനീഷ്, അജയകുമാര്‍, ശ്രീജിത്ത് ബി.നായര്‍, അരുണ്‍ എസ്., ഷമീര്‍, അനൂപ് എസ്. എന്നിവരാണ് സംലത്തിലുണ്ടായിരുന്നത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

തൊടുപുഴയിലെ വീട്ടില്‍നിന്ന് പിടികൂടിയത് ഏഴരകിലോ കഞ്ചാവും ഉണക്ക ഇറച്ചിയും ഡിറ്റനേറ്ററും

തൊടുപുഴ: അഞ്ചിരി കുട്ടപ്പന്‍കവലയിലെ വീട്ടില്‍നിന്ന് ഏഴര കിലോ കഞ്ചാവ് പിടികൂടി. ഇവിടെനിന്ന് 22 ഡിറ്റനേറ്ററും ഉണക്ക ഇറച്ചിയും വാറ്റുപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. തെക്കുംഭാഗം പറയാനിക്കല്‍ അനൂപ് കേശവന്‍ (37) വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍നിന്നാണ് വ്യാഴാഴ്ച വൈകീട്ട് ആറോടെ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ ഇയാളെ തൊടുപുഴ പോലീസ് തിരയുന്നു.

ചൊവ്വാഴ്ച മലങ്കര ഗേറ്റിന് സമീപത്തുനിന്ന് രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശിയായ ജോമോന്‍ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവിന്റെ മൊത്തവിതരണക്കാരന്‍ അനൂപാണെന്ന് മനസ്സിലായി. വ്യാഴാഴ്ച വൈകീട്ട് പോലീസെത്തുമ്പോഴേക്കും അനൂപ് വാടകവീട്ടില്‍നിന്ന് മുങ്ങിയിരുന്നു.

തുടര്‍ന്ന് വീടിന്റെ ഉടമസ്ഥനെ വിളിച്ചുവരുത്തി അകത്ത് കയറുകയായിരുന്നു. വര്‍ക്ക് ഏരിയയില്‍നിന്നാണ് കഞ്ചാവും മറ്റ് വസ്തുക്കളും കണ്ടെത്തിയത്. അബ്കാരി നിയമപ്രകാരവും ലൈസന്‍സില്ലാതെ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതിനും അനൂപ് കേശവനെതിരെ കേസെടുത്തു. കണ്ടെത്തിയ ഉണക്ക ഇറച്ചി കാട്ടുമൃഗത്തിന്റെയാണോയെന്ന് പരിശോധിക്കും. ആണെങ്കില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരവും കേസെടുക്കും. തൊടുപുഴ സി.ഐ. വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ബൈജു പി.ബാബു, കൃഷ്ണന്‍ നായര്‍, എ.എസ്.ഐ.മാരായ ഷംസുദ്ദീന്‍, ഹരീഷ്, ഉണ്ണികൃഷ്ണന്‍, സി.പി.ഒ.മാരായ നീതു, രാജേഷ്, ജിന്ന, ഡാന്‍സെഫ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്.