കൊടകര(തൃശ്ശൂർ): കൊടകരയിൽ അരക്കോടി രൂപയുടെ കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കാറിൽ കടത്തുകയായിരുന്ന 56 കിലോ കഞ്ചാവാണ് കൊടകര മേൽപ്പാലത്തിനു താഴെ പോലീസ് പിടികൂടിയത്.

മറ്റത്തൂർ മോനൊടി മൂഞ്ഞേലി വീട്ടിൽ ദീപക് (24), വെള്ളിക്കുളങ്ങര കട്ടിപ്പൊക്കം ചോന്നിപ്പറമ്പിൽ അനന്തു (23) എന്നിവരാണ് പിടിയിലായത്. വാടകയ്ക്കെടുത്ത ആഡംബരക്കാറിന്റെ ഡിക്കിയിൽ പോളിത്തീൻ കവറിൽ പൊതിഞ്ഞുസൂക്ഷിച്ചാണ് കഞ്ചാവ് കടത്തിയത്.

എറണാകുളത്തേക്ക് പാഞ്ഞ വാഹനം ദേശീയപാതയിൽ കണ്ടെത്തിയത് ഡ്രോൺ ഉപയോഗിച്ചാണ്. കഞ്ചാവുപൊതികൾ നിരത്തി അതിനു മുകളിൽ ബാഗുകൾ ഉപയോഗിച്ച് മറച്ചുവെച്ചിരിക്കുകയായിരുന്നു.

എറണാകുളം ജില്ലയിലെ കഞ്ചാവ് കച്ചവടക്കാർക്ക് എത്തിച്ചുകൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് പോലീസ് പറഞ്ഞു. വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്.

തിരഞ്ഞെടുപ്പ് സമയത്ത് 'ഡാർക്ക് നൈറ്റ് ഹണ്ടിങ്' എന്ന പ്രത്യേക വാഹനപരിശോധന പോലീസ് ഏർപ്പെടുത്തിയിരുന്നു. വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് കഞ്ചാവ് പിടികൂടുന്നതിന് വഴിയൊരുക്കിയതെന്ന് പോലീസ് പറഞ്ഞു.

ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. എ. രാമചന്ദ്രൻ, ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷ്, കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ, കൊടകര എസ്.ഐ. ഷാജൻ, പ്രത്യേകാന്വേഷണസംഘത്തിലെ എ.എസ്.ഐ.മാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മാടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒ.മാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, കൊടകര സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ. സോജൻ, തോമസ്, റെജിമോൻ, സീനിയർ സി.പി.ഒ.മാരായ സതീഷ് എ.ബി., റെനീഷ്, രജനീശൻ, ടി.ടി. ബൈജു, എസ്.സി.പി.ഒ. ഗോകുലൻ, ഷോജു, ആന്റണി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

കൊച്ചിയിലെ ഫ്ളാറ്റിൽനിന്ന് പിടികൂടിയത് 10 കിലോ കഞ്ചാവ്

കൊച്ചി: തമ്മനത്തെ ഫ്ളാറ്റിൽനിന്ന് 10 കിലോ കഞ്ചാവുമായി രണ്ടുപേർ സിറ്റി പോലീസ് നാർകോട്ടിക് സെല്ലിന്റെ പിടിയിലായി.

മേക്കപ്പ്മാനായി ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന തലശ്ശേരി സ്വദേശി റഹീസ് (27), മരട് സ്വദേശി അഖിലേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.

കോയമ്പത്തൂരിൽ നിന്ന് വിൽപ്പനയ്ക്ക് എത്തിച്ചതാണ് കഞ്ചാവെന്ന് പ്രതികളെ ചോദ്യംചെയ്തതിൽ നിന്ന് കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് ഇരുവരും പിടിയിലായത്.

നർക്കോട്ടിക്സ് സെൽ എ.സി.പി. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ വി.ബി. അനസ്, ജോസഫ് സാജൻ, അഷ്റഫ്, സി.പി.ഒ.മാരായ സുജീഷ്, സുനിൽകുമാർ, വിനോദ്, മാലജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights:ganja seized from kodakara and kochi