ആലുവ: എറണാകുളത്ത് വൻ കഞ്ചാവ് വേട്ട. രണ്ടിടങ്ങളിൽ നിന്നായി പോലീസ് പിടികൂടിയത് 140 കിലോ കഞ്ചാവ്. അങ്കമാലിയിൽനിന്ന് 105 കിലോ കഞ്ചാവും ആവോലിയിലെ വാടകവീട്ടിൽനിന്ന് 35 കിലോ കഞ്ചാവുമാണ് പിടികൂടിയത്.

കഞ്ചാവ് കടത്തിയ തൊടുപുഴ കാരിക്കോട് ഇടവെട്ടി മറ്റത്തിൽ വീട്ടിൽ അൻസൽ (34), പെരുമ്പടച്ചിറ ചെളിക്കണ്ടത്തിൽ നിസാർ (37), വെള്ളത്തൂവൽ അരീക്കൽ ചന്തു (22) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പോലീസിന്റെ കഞ്ചാവ് വേട്ട. രണ്ടു കാറുകളിലായി 50 വലിയ പൊതികളിലായി കഞ്ചാവ് കടത്തിയ മൂന്നംഗ സംഘത്തെ പിന്തുടർന്ന് അങ്കമാലിയിൽവെച്ച് സാഹസികമായാണ് പിടികൂടിയത്. മൊത്ത വിതരണക്കാരായ ഇവർ ഇതിനു മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ട്. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് കല്ലൂർക്കാട് ആവോലിയിലെ വാടക വീട്ടിൽനിന്നു 17 വലിയ പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും കൂടുതൽ പേർ ഇതിന്റെ പിന്നിലുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്ന് 45 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി വിദ്യാർത്ഥിയടക്കം മൂന്നു യുവാക്കളെ പിടികൂടിയിരുന്നു.

അന്വേഷണ സംഘത്തിൽ റൂറൽ ജില്ലയിലെ ഡാൻസാഫ് സ്ക്വാഡിനോടോപ്പം നാർക്കോട്ടിക് ഡി.വൈ.എസ്.പി എം.ആർ.മധു ബാബു സി.ഐ.മാരായ സോണി മത്തായി, പീറ്റർ കെ.ജെ., എസ്.ഐ സൂഫി ടി.എം, എ.എസ്.ഐ മാരായ ഷിബു ജോസഫ്, സാജു പോൾ, ബിജു എം.വി. ജോസഫ് പി.ജെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, സലിൻ കുമാർ കെ.ബി, ജിസ്മോൻ എം.ജി, ജിമോൻ ജോർജ്, ജെയ്മോൻ എം.വി.രതീശൻ, സുബി, അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു.

Content Highlights:ganja seized from eranakulam three in police custody