തൃപ്പൂണിത്തുറ: ഓണ്‍ലൈന്‍ വഴി പണം സ്വീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന കേസില്‍ ഒരു യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. 900 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഉദയംപേരൂര്‍ പത്താം മൈല്‍ ഇലഞ്ഞിമൂട്ടില്‍ അഖിലിനെ (23) യാണ് തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എറണാകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രികരിച്ച് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ പത്താം മൈല്‍ ഭാഗത്തുനിന്നാണ് പിടികൂടിയതെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇയാളില്‍നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ കഞ്ചാവ് വാങ്ങാറുണ്ടെന്നും രഹസ്യ കോഡുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്നും ആവശ്യക്കാര്‍ ആദ്യം ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനത്തിലൂടെ പണം നല്‍കിയാല്‍ മാത്രമേ കഞ്ചാവ് നല്‍കാറുള്ളൂവെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

പ്രിവന്റീവ് ഓഫീസര്‍ രതിഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോതിഷ്, ശശി, ധീരു ജെ. അറയ്ക്കല്‍, സെയ്ദ്, ഷിജു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ റസീന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.