ആലുവ: ആലുവയില്‍ എം.ഡി.എം.എ. പിടികൂടിയ സംഭവത്തിന്റെ തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ ഒന്നാം പ്രതി പ്രണവ് പൈലി താമസിച്ചിരുന്ന തൃശ്ശൂരിലെ വീട്ടില്‍നിന്ന് കഞ്ചാവുചെടി കണ്ടെത്തി. രണ്ടാം പ്രതിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ മാര്‍വിന്‍ ജോസഫ് താമസിച്ചിരുന്ന തൃശ്ശൂര്‍ പാലസ് റോഡിലെ പുലിക്കോട്ടില്‍ ലോഡ്ജില്‍നിന്ന് കഞ്ചാവ് പൊതിയുന്നതിനുള്ള സാധനങ്ങളും കണ്ടെടുത്തു.

തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവുമാണ് ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ മയക്കുമരുന്ന് കേസിലെ പ്രതികള്‍ താമസിക്കുന്നിടത്ത് പരിശോധന നടത്തിയത്.

സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായി പ്രതികള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്.

ആമ്പല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം മുണ്ടക്കയം കൊല്ലംപറമ്പില്‍ പ്രണവ് പൈലി (23), ഇയാളുടെ ഭാര്യ പാലക്കാട് കഞ്ചിക്കോട് ഐ.ടി.ഐ. ഹില്‍വ്യു നഗറില്‍ താമസിക്കുന്ന കസ്തൂരി മണി (27), ഇടുക്കി നെടുങ്കണ്ടം ആശാരിക്കണ്ടം കൊച്ചുകരോട്ട് വീട്ടില്‍ മാര്‍വിന്‍ ജോസഫ് (23) എന്നിവരാണ് എം.ഡി.എം.എ.യുമായി പിടിയിലായത്. തൃശ്ശൂര്‍ പൂങ്കുന്നത്ത് സാമൂഹിക ക്ഷേമവകുപ്പ് ഓഫീസില്‍ ക്ലാര്‍ക്കായ മാര്‍വിന്‍ ജോസഫ് ദേശീയ ഗെയിംസില്‍ ജൂഡോയില്‍ വെങ്കല മെഡല്‍ ജേതാവാണ്.

Content Highlights: ganja plants seized from drug case accused home