പാലക്കാട്: ഉള്‍വനത്തില്‍ തടമെടുത്ത് നട്ട, രണ്ടാഴ്ച വളര്‍ച്ചയെത്തിയ 13,000 കഞ്ചാവുചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. വാളയാര്‍ റേഞ്ചിനുകീഴിലെ പുതുശ്ശേരി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന വടശ്ശേരി മലവാരത്തുള്ള 'താന്നി പ്ലേസ്' ഭാഗത്താണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടേക്കര്‍സ്ഥലത്ത് 800 തടങ്ങളിലായാണ് കഞ്ചാവ് ചെടികള്‍ നട്ടത്. നടാനായി തയ്യാറാക്കിയ ആയിരം തൈകളും വനംവകുപ്പിന്റെ നേതൃത്വത്തില്‍ കത്തിച്ച് നശിപ്പിച്ചു. അടുത്തുണ്ടായിരുന്ന ഷെഡ്ഡും നശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച നര്‍ക്കോട്ടിക് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇതേ സ്ഥലത്ത് പരിശോധനയ്ക്കായി പോയിരുന്നു. എന്നാല്‍, കഞ്ചാവ് ചെടികള്‍ കണ്ടെത്താനായിരുന്നില്ല. മാത്രമല്ല, മഞ്ഞും മഴയും കാരണം ഒരുരാത്രി മുഴുവന്‍ വനത്തിനകത്ത് അകപ്പെട്ടുപോയത് പരിഭ്രാന്തി പരത്തിയിരുന്നു.

പാലക്കാട് ഡി.എഫ്.ഒ. കുറാ ശ്രീനിവാസ്, ഫ്‌ലൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ജി. ശിവപ്രസാദ് എന്നിവരുടെ നിര്‍ദേശപ്രകാരം വാളയാര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ യു. ആഷിഖ് അലിയുടെ നേതൃത്വത്തില്‍ മൂന്നുദിവസംമുമ്പാണ് 20 പേരടങ്ങുന്ന വനപാലകസംഘം കാട്ടിലേക്ക് തിരച്ചിലിനായി പോയത്. ആറുകിലോമീറ്റര്‍ മലകള്‍ കയറിയിറങ്ങിയും മറ്റുമാണ് കാട്ടുവഴികളിലൂടെ പോയത്. വഴിയില്‍ കാട്ടാനകളെ കണ്ടെങ്കിലും അപായമുണ്ടായില്ല.

കഞ്ചാവ് നട്ടുപിടിപ്പിച്ച സ്ഥലത്ത് കഞ്ഞിവെച്ച് കഴിച്ചതിന്റെ സൂചനകള്‍ കണ്ടെത്തിയതായി വനംവകുപ്പധികൃതര്‍ പറഞ്ഞു. പരിശോധകസംഘമെത്തുന്ന വിവരം അറിഞ്ഞതിനാല്‍ രക്ഷപ്പെട്ടതാകാമെന്നണ് കരുതുന്നത്. വാളയാര്‍ റേഞ്ചില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുതുശ്ശേരി നോര്‍ത്ത് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ഇബ്രാഹിം ബാദുഷ, ബി.എഫ്.ഒ.മാരായ സി. രാജേഷ് കുമാര്‍, കെ. രജീഷ്, ആര്‍. ബിനു, കെ. ഗിരീഷ്, വി. ഉണ്ണിക്കൃഷ്ണന്‍, എ.ബി. ഷിനില്‍, റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍മാരായ ഐ. അബ്ദുള്‍ സലാം, ആര്‍. കൃഷ്ണകുമാര്‍, താത്കാലിക വാച്ചര്‍മാരായ ചടയന്‍, രംഗപ്പന്‍, ആറുച്ചാമി, ബാബു, മണികണ്ഠന്‍, സെല്‍വന്‍, പരമേശ്വരന്‍, അനീഷ്, സതീഷ് എന്നിവര്‍ പരിശോധന നടത്തി.

Content Highlights: ganja plants found in walayar forest palakkad