ആലപ്പുഴ: കൈതവനയില്‍ കഞ്ചാവുസംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ നാലുപേര്‍ പോലീസ് പിടിയില്‍. സനാതനപുരം വാര്‍ഡില്‍ താനാകുളങ്ങര വീട്ടില്‍ രതീഷ് (കണ്ണന്‍-22), പഴവീട് ചാക്കുപറമ്പ് വീട്ടില്‍ അനന്തു (24), മുല്ലാത്ത് വാര്‍ഡ് ഓമനാ ഭവനില്‍ രാഹുല്‍ ബാബു (24), പഴവീട് വലിയപുരയ്ക്കല്‍ ഷിജോ വര്‍ഗീസ് (31) എന്നിവരാണു പിടിയിലായത്. ഇവരുടെ സുഹൃത്തിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

ഡിവൈ.എസ്.പി. എന്‍.ആര്‍. ജയരാജിന്റെ നിര്‍ദേശപ്രകാരം സൗത്ത് ഇന്‍സ്‌പെക്ടര്‍ എസ്. സനലിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്.

തിങ്കളാഴ്ച രാത്രിയായിരുന്നു കൈതവന കിഴക്ക് പക്കി ജങ്ഷനു സമീപം കുറുക്കന്‍പറമ്പ് ഭാഗത്ത് കഞ്ചാവുസംഘങ്ങള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ ആര്യാട് സ്വദേശി സന്ദീപിന് (23) തലയ്ക്കും പുറത്തും പരിക്കേറ്റിരുന്നു. കഞ്ചാവ് വാങ്ങുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്ന് സൗത്ത് പോലീസ് പറഞ്ഞു. രണ്ടു സംഘങ്ങളിലുമായി പത്തോളം പേരുണ്ടെന്നായിരുന്നു പോലീസ് നിഗമനം.

കളര്‍കോട് ഭാഗത്തുള്ള ഏഴംഗസംഘം ആക്രമിച്ചുവെന്നായിരുന്നു സന്ദീപ് പോലീസിനു നല്‍കിയ മൊഴി. എസ്.ഐ. അലി, എ.എസ്.ഐ.മാരായ മോഹന്‍കുമാര്‍, കനകരാജ്, ബാബുരാജ്. സി.പി.ഒ.മാരായ റോബിന്‍സണ്‍, അരുണ്‍കുമാര്‍, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

രതീഷ്, ഷിജോ വര്‍ഗീസ് എന്നിവരെ കോടതി റിമാന്‍ഡുചെയ്തു.

ലഹരിസംഘങ്ങളെ നിയന്ത്രിക്കണം

ആലപ്പുഴ: ലഹരിസംഘങ്ങളെ നിയന്ത്രിക്കണമെന്ന് കൈതവന ആവണി റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് കഴിഞ്ഞ കുറച്ചുനാളുകളായി അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. ഇതിനെതിരേയും കഴിഞ്ഞദിവസമുണ്ടായ അതിക്രമത്തിലും റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. എം. കൃഷ്ണന്‍കുട്ടിപ്പണിക്കര്‍ അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ സജേഷ് ചാക്കുപറമ്പില്‍ പങ്കെടുത്തു.