പാറശ്ശാല: കഞ്ചാവ് ഉപഭോഗം വിലക്കിയതിന്റെ ദേഷ്യം തീര്‍ത്ത് പാറശ്ശാലയില്‍ വീണ്ടും ആക്രമണം. വീടിനു മുന്നില്‍ പാര്‍ക്കുചെയ്തിരുന്ന കാറും ഫര്‍ണിച്ചര്‍ കടയ്ക്കു സമീപം സൂക്ഷിച്ചിരുന്ന ബൈക്കും തിങ്കളാഴ്ച വെളുപ്പിന് കഞ്ചാവ് വില്‍പ്പന സംഘം പെട്രോളൊഴിച്ചു കത്തിച്ചു. പാറശ്ശാല നെടുവാന്‍വിളയ്ക്കു സമീപം പാലക്കുഴിയിലായിരുന്നു സംഭവം. പാലക്കുഴി ആര്യശ്ശേരി ചിറക്കുളത്തിനു സമീപം ആറു മാസം മുമ്പ് കഞ്ചാവ് വില്‍പ്പന എക്‌സൈസിനെ അറിയിച്ചുവെന്ന സംശയത്തില്‍ വീട് അടിച്ചുതകര്‍ത്ത സംഘത്തില്‍പ്പെട്ടവരാണ് ഇപ്പോള്‍ വാഹനങ്ങള്‍ കത്തിച്ചതിന്റെ പിന്നിലുമെന്ന് നാട്ടുകാര്‍ പറയുന്നു.

പാലക്കുഴി വീട്ടില്‍ ഷൈനിന്റെ ഉടമസ്ഥതയിലുളള ബൈക്കും പ്രശാന്തിന്റെ ഉടമസ്ഥതയിലുളള കാറുമാണ് കത്തിച്ചത്. ഷൈന്‍ നടത്തുന്ന ഫര്‍ണിച്ചര്‍ കടയുടെ അടുത്ത് വച്ചിരുന്ന ബൈക്ക് സമീപത്തെ വഴിയിലേക്കു മാറ്റിയ ശേഷമാണ് കത്തിച്ചത്.

പ്രശാന്തിന്റെ വീടിനു മുന്നില്‍ പാര്‍ക്കുചെയ്തിരുന്ന കാറിന്റെ ഇടതുവശത്തെ രണ്ടു ടയറുകളും സംഘം അഗ്‌നിക്കിരയാക്കി. ടയറുകളില്‍ തീ കത്തിയതിനെ തുടര്‍ന്ന് ടയര്‍ പൊട്ടിയ ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കാറിലേക്കു തീപടരുന്നതു തടയുകയായിരുന്നു.

പ്രദേശത്ത് കുറച്ചുനാളായി കഞ്ചാവ് വില്‍പ്പന വലിയ തോതില്‍ നടക്കുന്നുണ്ട്. ആര്യശ്ശേരി ചിറക്കുളത്തിനു സമീപം എക്‌സൈസ്, പോലീസ് സംഘങ്ങള്‍ പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്നാണ് കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ പാലക്കുഴിയിലേക്കു താവളം മാറ്റിയത്. പാലക്കുഴിയിലെ അടഞ്ഞുകിടക്കുന്ന അങ്കണവാടിയുടെ ഭാഗത്താണ് സംഘത്തിന്റെ താവളം.

വിദൂര സ്ഥലങ്ങളില്‍നിന്നുപോലും നിരവധിപ്പേര്‍ കഞ്ചാവ് വാങ്ങാനെത്തുന്നുണ്ട്. അങ്കണവാടിപ്പരിസരത്ത് കഞ്ചാവുപയോഗിച്ച ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും പതിവായതോടെയാണ് പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.

ഇവിടെ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്‍പ്പനയും ഉപയോഗവും യുവാക്കള്‍ എതിര്‍ത്തിരുന്നു. ഈ സംഘത്തിനു താക്കീതും നല്‍കിയിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച വെളുപ്പിന് മൂന്നുമണിയോടെ വാഹനങ്ങള്‍ കത്തിച്ച് പകതീര്‍ത്തത്. പാറശ്ശാല പോലീസ് അന്വേഷണമാരംഭിച്ചു.