കൊണ്ടോട്ടി: കാറില്‍ കടത്തിയ 17 കിലോ കഞ്ചാവുമായി മൂന്ന് കോഴിക്കോട് സ്വദേശികള്‍ കൊണ്ടോട്ടിയില്‍ പിടിയിലായി. കൊടുവള്ളി വട്ടോളി കൂളിപ്പൊയില്‍ ലിപിന്‍ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുള്‍ജലീല്‍ (38) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളില്‍ ചിലര്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുള്ളതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന, കൊടുവള്ളി കേന്ദ്രീകരിച്ച സംഘത്തെ തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടെ ലഭിച്ച രഹസ്യവിവരമാണ് അറസ്റ്റിനു വഴിയൊരുക്കിയത്. രണ്ടുകിലോ വീതമുള്ള പൊതികളാക്കി കാറിന്റെ ഡിക്കിയിലും സീറ്റിലുമെല്ലാം സൂക്ഷിച്ചാണ് കഞ്ചാവ് കൊണ്ടുവന്നത്.

ഡിവൈ.എസ്.പി. കെ. അഷ്റഫ്, നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. പി.പി. ഷംസ് എന്നിവരുടെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ പ്രമോദ്, എസ്.ഐ.മാരായ അജാസുദ്ദീന്‍, എം.കെ. രാധാകൃഷ്ണന്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥന്‍ മനാട്ട്, അബ്ദുള്‍ അസീസ് കാര്യാട്ട്, പി. ഉണ്ണികൃഷ്ണന്‍, പി. സഞ്ജീവ്, കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിലെ ഒ. മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ഷഹീര്‍ പെരുമണ്ണ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍

മഞ്ചേരി: ഒരുലക്ഷം രൂപ വിലവരുന്ന 25 ഗ്രാം എം.ഡി.എം.എ. (മെത്താലിന്‍ ഡയോക്‌സി മെത്താ ഫൈറ്റമിന്‍) മയക്കുമരുന്നുമായി യുവാവ് മഞ്ചേരിയില്‍ പിടിയില്‍. അരീക്കോട് ചെമ്രക്കാട്ടൂര്‍ മുണ്ടക്കാട്ടുചാലില്‍ അക്ബറിനെയാണ് (25) എസ്.ഐ. രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.

 

കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതിയില്‍നിന്ന് മഞ്ചേരിയിലെ ലഹരിക്കടത്ത് സംഘങ്ങളെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അക്ബര്‍ വലയിലായത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളെക്കുറിച്ച് ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. മഞ്ചേരിയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളടക്കം ഒട്ടേറെ പേര്‍ക്ക് ഇയാള്‍ ലഹരിവിപ്പന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ഇവര്‍ക്കുള്ള ബന്ധം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥന്‍ മനാട്ട്, അസീസ്, ഉണ്ണിക്കൃഷ്ണന്‍, പി. സഞ്ജീവ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.