ബെംഗളൂരു: പ്രദേശിക ഫുട്ബോള്‍ ടീമിന്റെ മനേജരായ ഗുണ്ടാനേതാവിനെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍വെച്ച് പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ഭാരതിനഗര്‍ സ്വദേശിയായ അരവിന്ദ് (27) ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകീട്ട് നാലോടെ അശോക് നഗറിന് സമീപത്തെ കെ.എസ്.എഫ്.എ. സ്റ്റേഡിയത്തിലാണ് സംഭവം.

അരവിന്ദിന്റെ ടീമും മറ്റൊരു ടീമുമായുള്ള കളി നടക്കുന്നതിനിടെ ഗ്രൗണ്ടിന് പുറത്തുനില്‍ക്കുകയായിരുന്ന അരവിന്ദിനെ സ്റ്റേഡിയത്തിനുള്ളിലെത്തിയ ആറംഗ ഗുണ്ടാസംഘം വളയുകയായിരുന്നു. ഇതോടെ റഫറിയുടെ മുറിയില്‍ കയറി വാതിലടച്ചെങ്കിലും വാതില്‍ തകര്‍ത്തെത്തിയ ഗുണ്ടാസംഘം മുറിക്കുള്ളില്‍ അരവിന്ദിനെ വെട്ടി. കൊലയ്ക്ക് ശേഷം സ്റ്റേഡിയത്തിന് പുറത്തുനിര്‍ത്തിയിരുന്ന ഇരുചക്രവാഹനങ്ങളില്‍ കയറി സംഘം രക്ഷപ്പെട്ടു.

അരവിന്ദിന്റെ സംഘവുമായി വൈരാഗ്യമുള്ള മറ്റൊരു സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

ഭവനഭേദനം, വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അരവിന്ദ്. ഭാരതി നഗര്‍ സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തില്‍ അടുത്തകാലത്താണ് ഇയാള്‍ തെറ്റിപ്പിരിഞ്ഞ് സ്വന്തംനിലയില്‍ പ്രവര്‍ത്തനം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.

അതേസമയം നാലുമാസത്തിനിടെ നഗരത്തില്‍ ഏഴോളംപേര്‍ പട്ടാപ്പകല്‍ നടന്ന ഗുണ്ടാ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.

ജൂണില്‍ ചിക്ക്പേട്ടില്‍വെച്ച് മുന്‍ വനിതാ കോര്‍പ്പറേറ്ററെ വെട്ടിക്കൊന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് സ്വകാര്യ പണമിടപാട് സ്ഥാപന നടത്തിപ്പുകാരനും അഞ്ചോളം ഗുണ്ടാ നേതാക്കളും നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ കൊല്ലപ്പെട്ടു.