ന്യൂഡൽഹി: അധോലോക കുറ്റവാളി രാജേന്ദ്ര നികാൽജെ എന്ന ഛോട്ടാരാജന് കോവിഡ് സ്ഥിരീകരിച്ചു. തിഹാർ ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഛോട്ടാരാജനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിതായും ചികിത്സയിൽ തുടരുകയാണെന്നും ജയിൽ അധികൃതർ പറഞ്ഞു.

61-കാരനായ ഛോട്ടാരാജനെ കനത്ത സുരക്ഷാവലയത്തിലാണ് തിഹാർ ജയിലിൽ പാർപ്പിച്ചിരുന്നത്. ഛോട്ടാരാജനെതിരേ മുംബൈയിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം സിബിഐയ്ക്ക് കൈമാറുകയും ഇത് പരിഗണിക്കാനായി പ്രത്യേക കോടതി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഒരു കേസിന്റെ വിചാരണയ്ക്കായി തിങ്കളാഴ്ച ഛോട്ടാരാജനെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കേണ്ടതായിരുന്നു. ഇതിനിടെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഹാജരാക്കാൻ കഴിയില്ലെന്നും ജയിൽ അധികൃതർ കോടതിയെ അറിയിച്ചത്.

കൊലപാതകവും പണംതട്ടലും ഉൾപ്പെടെ 70-ഓളം ക്രിമിനൽ കേസുകളാണ് ഛോട്ടാരാജനെതിരേ മുംബൈയിലുള്ളത്. നേരത്തെ രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇൻഡൊനേഷ്യയിൽനിന്ന് പിടികൂടി തിരികെഎത്തിച്ചത്. തുടർന്ന് തിഹാർ ജയിലിൽ പാർപ്പിക്കുകയായിരുന്നു. മാധ്യമപ്രവർത്തകനായ ജ്യോതിർമോയ് ഡേയെ കൊലപ്പെടുത്തിയ കേസിൽ 2018-ൽ ഛോട്ടാരാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഹാനിഫ് കാഡവാല വധക്കേസിൽ കഴിഞ്ഞയാഴ്ച മുംബൈ പ്രത്യേക സിബിഐ കോടതി ഛോട്ടാരാജനെയും കൂട്ടാളിയെയും വെറുതെവിടുകയും ചെയ്തു.

അതിനിടെ, ഛോട്ടാരാജനെ എയിംസിൽ പ്രവേശിപ്പിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലും പ്രതികരണങ്ങൾ നിറഞ്ഞു. ഒരു കൊടുംകുറ്റവാളിക്ക് എയിംസിൽ ചികിത്സ നൽകുന്നതിനെ എതിർത്തായിരുന്നു ട്വീറ്റുകളിലധികവും പ്രത്യക്ഷപ്പെട്ടത്. സാധാരണ ജനങ്ങൾ ഒരു ആശുപത്രി കിടക്കയ്ക്ക് വേണ്ടി ബുദ്ധിമുട്ടുമ്പോൾ ഛോട്ടാരാജന് എയിംസിൽ ചികിത്സ നൽകുകയാണെന്നും ചിലർ ട്വീറ്റ് ചെയ്തു.

Content Highlights:gangster chotta rajan tested covid positive