ചെന്നൈ: സിനിമാരംഗങ്ങളെ വെല്ലുന്ന ചേസിങ്ങിനൊടുവിൽ കൊടുംകുറ്റവാളി സി.ഡി. മണിയെ തമിഴ്നാട് പോലീസ് പിടികൂടി. പോരൂർ ഔട്ടർ റിങ് റോഡിന് സമീപത്തുവെച്ചാണ് സി.ഡി. മണിയെ പോലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തിയത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മണി നടത്തിയ വെടിവെപ്പിൽ പോലീസ് സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു.

സി.ഡി. മണി ഒരു കാറിൽ പോകുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസിന്റെ പ്രത്യേകസംഘം ഇയാളെ തടഞ്ഞുനിർത്താൻ ശ്രമിച്ചു. എന്നാൽ പോലീസിന് നേരേ വെടിയുതിർത്ത് ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് സംഘം ഇയാളെ പിന്തുടർന്നു. പോലീസ് പിന്നാലെയുണ്ടെന്ന് കണ്ടതോടെ ഒരു പാലത്തിൽ വാഹനം നിർത്തിയ സി.ഡി.മണി അവിടെനിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ കൈയ്ക്കും കാലിനും പരിക്കേറ്റ മണിയെ പോലീസ് സംഘം കൈയോടെ പിടികൂടുകയും ചെയ്തു.

സി.ഡി. മണി നടത്തിയ വെടിവെപ്പിൽ സബ് ഇൻസ്പെക്ടറായ ബാലകൃഷ്ണനാണ് പരിക്കേറ്റത്. തോളിൽ പരിക്കേറ്റ ഇദ്ദേഹത്തെ റോയാപേട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

10 കൊലക്കേസുകളിലും നിരവധി തട്ടിക്കൊണ്ടുപോകൽ കേസുകളിലും പ്രതിയാണ് സി.ഡി. മണി. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിന് 22 കേസുകളുമുണ്ട്. നേരത്തെ സി.ഡി. വിൽപ്പനക്കാരനായതിനാൽ പിന്നീട് ഗുണ്ടാസംഘങ്ങൾക്കിടയിൽ സി.ഡി. മണി എന്നാണ് ഇയാളെ വിളിച്ചിരുന്നത്.

Content Highlights:gangster cd mani arrested by tamilnadu police after chasing