കോയമ്പത്തൂര്‍: ശ്രീലങ്കന്‍ അധോലോക നേതാവ്, മരണമടഞ്ഞ അങ്കോട ലക്കയെന്ന മധുമാചന്ദന ലസന്ത ഫെറെരയുടെ (35) കൂട്ടാളി പിടിയില്‍. ശ്രീലങ്ക അതുഗിരിയ ജയന്ത്ബര സ്വദേശി നളിന്‍ചതുരംഗയെന്ന സനുക്ക ധനനായക (ലാഡിയ-38) ആണ് അറസ്റ്റിലായത്. തമിഴ്‌നാട് സി.ബി.സി.ഐ.ഡി. പോലീസ് ഒരുവര്‍ഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബെംഗളൂരുവില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന ഇയാളെ പിടികൂടിയത്.

കേസ് ഒരുവര്‍ഷംമുമ്പാണ് തമിഴ്‌നാട് സി.ബി.സി.ഐ.ഡി. സംഘത്തിന് കൈമാറിയത്. കോയമ്പത്തൂര്‍ ഡി.എസ്.പി. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാസങ്ങളോളം ബെംഗളൂരുവില്‍ തങ്ങിയാണ് ഇയാള്‍ താമസിക്കുന്ന വീട് കണ്ടെത്തിയത്. സനുക്കയുടെ ഫോട്ടോ പലയിടങ്ങളിലും അന്വേഷണസംഘം കാണിച്ചിരുന്നു. ഒരുവര്‍ഷമായി വീടിന് പുറത്തിറങ്ങാത്ത സനൂക്കയെ അയാള്‍ താമസിച്ചിരുന്ന വീട്ടിലെ ജോലിക്കാരന്‍ നാഗരാജ് ആണ് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ചരാത്രി ബെംഗളൂരു പോലീസിന്റെ സഹായത്തോടെ വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരില്‍ എത്തിച്ചു.

ഇയാളെ ബെംഗളൂരു കുള്ളപ്പനഗറില്‍ സഹോദരിയുടെവീട്ടില്‍ താമസിപ്പിച്ചിരുന്ന ശ്രീവില്ലിപുത്തൂര്‍ സ്വദേശി ഗോപാലകൃഷ്ണനെയും (ജയപാല്‍-48) പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസംമുമ്പ് ലഹരിമരുന്നുകടത്ത് സംഘാംഗം ശ്രീലങ്കന്‍സ്വദേശി സുരേഷിനെ സഹായിച്ച സംഭവത്തില്‍ കാഞ്ചിപുരംപോലീസ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേരെയും കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കിയശേഷം പെരുന്തുറ സബ് ജയിലിലേക്ക് മാറ്റി.

തിങ്കളാഴ്ച കോയമ്പത്തൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ടുപേരെയും കസ്റ്റഡിയില്‍ കിട്ടാനായി അന്വേഷണസംഘം ഹര്‍ജിനല്‍കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കോടതി പോലീസിന്റെ ഹര്‍ജി പരിഗണിക്കും.

മരണമടഞ്ഞ അങ്കോട ലക്കയുടെ കാണാതായ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും മറ്റും സനുക്ക കൊണ്ടുപോയെന്നാണ് കേസില്‍ മുമ്പ് അറസ്റ്റിലായ അഭിഭാഷക ശിവകാമിസുന്ദരി അന്വേഷണസംഘത്തോട് പറഞ്ഞിരുന്നത്.

2020 ജൂലായ് നാലിനാണ് അങ്കോട ലക്ക ദുരൂഹസാഹചര്യത്തില്‍ കോയമ്പത്തൂരില്‍ മരിച്ചത്.മധുരയിലെ വനിതാ അഭിഭാഷക ശിവകാമിസുന്ദരി, തിരുപ്പൂര്‍ സ്വദേശി ധ്യാനേശ്വരന്‍ എന്നിവരുടെ സഹായത്തോടെ മൃതദേഹം മധുരയിലെത്തിച്ച് കത്തിച്ചുകളഞ്ഞതായ പരാതിയില്‍ ഇയാളുടെ വനിതാസുഹൃത്ത് അമാനി താഞ്ചി മുഖരിയ (27) മുമ്പ് അറസ്റ്റിലായിരുന്നു. ഇതില്‍ അമാനി ജയിലില്‍ തുടരുകയാണ്. മറ്റുരണ്ടുപേരും ജാമ്യംലഭിച്ച് പുറത്തിറങ്ങി.