ഈരാറ്റുപേട്ട: എം.ഡി.എം.എ.യും അരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെയും ഇവർ സഞ്ചരിച്ച കാറും പിടികൂടി. ഈരാറ്റുപേട്ട വടക്കേടത്ത് അഹസ്സ് (27), തലപ്പലം കിഴക്കേവീട്ടിൽ വിഷ്ണു (25) എന്നിവരാണ് കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.ആർ.സുൾഫിക്കറിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ പിടിയിലായത്. സുഹൃത്തിന്റെ കല്യാണരാത്രിയിൽ പാർട്ടിക്കായി എറണാകുളത്തുനിന്ന് എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയത്.

വിനോദസഞ്ചാര കേന്ദ്രമായ കുറ്റിലംപാറയിലെത്തുന്ന യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം നടത്തിയ റെയ്‌ഡിൽ ഈരാറ്റുപേട്ട പറമ്പുകാട്ടിൽ ഷാഹുമോൻ (27) പിടിയിലായി. ചേരിമല പുല്ലേപ്പാറയിലുള്ള കുടിവെള്ളസംഭരണിയുടെ സമീപം യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹികവിരുദ്ധർ കൂട്ടം കൂടുന്നുണ്ടെന്നുള്ള നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കൾ ഓടി രക്ഷപ്പെട്ടു. ഇവരുടെ ബൈക്കും മൊബൈലും ബൈക്കിൽ ഒളിപ്പിച്ച 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഇല്ലിക്കൽക്കല്ല് ഗോൾഡ്

ഗ്രാമ്പുവിന്റെ സുഗന്ധമുള്ള ഇല്ലിക്കൽക്കല്ല് ഗോൾഡ് എന്ന കഞ്ചാവുമായി മേലടുക്കം കൊച്ചേട്ടെന്നിൽ ജോയിയെ കഴിഞ്ഞദിവസം എക്സൈസ് സംഘം പിടികൂടിയിരുന്നു. വിനോദസഞ്ചാരികളായ യുവാക്കൾക്കിടയിൽ പുതിയ ട്രെൻഡ് ആയ ഇല്ലിക്കൽകല്ല് ഗോൾഡ് എന്ന കഞ്ചാവ് തേടി എക്സൈസ് ഷാഡോ അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂർ, എബി ചെറിയാൻ, സി.ജെ.നൗഫൽ, പി.ആർ.പ്രസാദ് എന്നിവർ ആഴ്ചകളോളം ഇല്ലിക്കൽക്കല്ല് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു.

ജോയിയുടെ പക്കൽനിന്ന് 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പരിശോധനകളിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനീഷ് സുകുമാരൻ, ടി.ജെ.മനോജ്, സി.ഇ.ഒ.മാരായ സ്റ്റാൻലി ചാക്കോ, ഉണ്ണിമോൻ മൈക്കിൾ, ജസ്റ്റിൻ തോമസ്, പ്രദീഷ് ജോസഫ്, സുവി ജോസ്, കെ.വി.വിശാഖ്, വിനീത വി.നായർ, സുജാതാ സിബി, മുരളീധരൻ എന്നിവർ പങ്കെടുത്തു.

Content Highlights:ganga and mdma seized from erattupaetta illikkalkallu gold ganja