മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരമനുസരിച്ച് നാലുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മറ്റുരണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. 

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി കുടുംബാംഗങ്ങളോട് ബലാത്സംഗത്തിനിരയായത് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. 

നാലുപേരാണ് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന് വിദ്യാര്‍ഥിനി ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ പേരുകളും കുറിപ്പിലുണ്ടായിരുന്നു. തുടര്‍ന്നാണ് ലഖാഹന്‍, വികാസ് എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുരണ്ട് പേരെ പിടികൂടുന്നതിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. 

Content Highlights: gang rape victim dies by suicide in meerut uttar pradesh