ചെന്നൈ: കൊലയ്ക്കുശേഷം മൃതദേഹത്തിനൊപ്പം സെൽഫിയെടുക്കാനെത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. ചെന്നൈ തണ്ടയാർപേട്ടയിൽ കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം. കൊലപാതകക്കേസിലുൾപ്പെടെ പ്രതിയായിട്ടുള്ള കാശിമേട് സ്വദേശി സുരേഷിനെ(27) ആണ് പ്രതികൾ കൊലപ്പെടുത്തിയത്.

അർധരാത്രി കൃത്യം നടത്തിയ ആറംഗസംഘം തിരിച്ചുപോയി. ഇയാൾ മരിച്ചെന്ന് ഉറപ്പാക്കാനും മൃതദേഹത്തിനൊപ്പം സെൽഫിയെടുക്കാനുമാണ് പ്രതികൾ പുലർച്ചെ വീണ്ടും സ്ഥലത്തെത്തിയത്. ഈ സമയം അതുവഴിവന്ന പോലീസ്‌ വാഹനം കണ്ട് ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ സംഘത്തെ പോലീസ് പിന്തുടരുകയായിരുന്നു.

പിടിയിലായവരിൽ നിന്ന് വടിവാളുൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തായത്. പ്രദേശത്തു ഗുണ്ടാപ്പിരിവ് നടത്തുന്നതു സംബന്ധിച്ച തർക്കമാണ് കൊലയ്ക്കു കാരണമായതെന്ന് പോലീസ് പറഞ്ഞു.

Content Highlights: gang killed man and take selfie with dead body