നാഗര്‍കോവില്‍: ജൂവലറി ഉടമയെ തെറ്റിദ്ധരിപ്പിച്ച് 76.4 ലക്ഷം തട്ടിയെടുത്ത ജീവനക്കാരനും കൂട്ടാളികളും പോലീസിന്റെ പിടിയിലായി.

നെയ്യാറ്റിന്‍കര കേരള ഫാഷന്‍ ജൂവലറിയിലെ ജീവനക്കാരന്‍ മാവിറത്തല സ്വദേശി ഗോപകുമാര്‍, മാവിറത്തലയിലെ കണ്ണന്‍, കീഴാവൂര്‍ കുറ്റിയാണിക്കാട് സജിന്‍കുമാര്‍, പെരുങ്കടവിള സ്വദേശി രാജേഷ് കുമാര്‍, ആനാവൂര്‍ പാലിയോട് സ്വദേശി സുരേഷ് കുമാര്‍ എന്നിവരെയാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണവും കണ്ടെടുത്തു.

ജൂവലറി ഉടമ സമ്പത്തിന്റെ കാറില്‍ നാഗര്‍കോവിലില്‍നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടുവന്ന 76,40,000 രൂപയാണ് പോലീസ് വേഷത്തിലെത്തി അറസ്റ്റിലായവര്‍ തട്ടിയെടുത്തത്. കഴിഞ്ഞദിവസം രാവിലെ എട്ടോടെയായിരുന്നു സംഭവം.

പണവുമായി വന്ന കാര്‍ ഓടിച്ചിരുന്നത് ഗോപകുമാറാണ്. ഇയാള്‍ക്കൊപ്പം മറ്റൊരു ജീവനക്കാരനും ഉണ്ടായിരുന്നു. ദേശീയപാതയില്‍ വില്ലുക്കുറിക്കുസമീപം കാരവിളയില്‍വെച്ച് പോലീസ് വേഷത്തില്‍ മറ്റൊരു കാറിലെത്തിയവര്‍ ഗോപകുമാര്‍ ഓടിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ച് കാറിലുണ്ടായിരുന്ന പണം കൈക്കലാക്കി. പോലീസ് എന്ന വ്യാജേനയാണ് വാഹനം പരിശോധിച്ചത്.

ഇത്രയും വലിയ തുക കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും തക്കല പോലീസ് സ്റ്റേഷനില്‍ എത്തി രേഖകള്‍ കാണിച്ച് പണം കൈപ്പറ്റണമെന്നും അറിയിച്ച് പണവുമായി പോകുകയും ചെയ്തു.

ജൂവലറി ജീവനക്കാര്‍ സംഭവം ഉടമയെ അറിയിച്ചു. തുടര്‍ന്ന് തക്കല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പരാതി നല്‍കിയപ്പോഴാണ് നാടകം പൊളിഞ്ഞത്. നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് തമിഴ്നാട് പോലീസ് തിരച്ചില്‍ നടത്തിയത്.

സംഭവസ്ഥലത്തെയും ചെക്‌പോസ്റ്റുകളിലെയും നിരീക്ഷണ ക്യാമറയുടെ സഹായത്തോടെ രാത്രിയോടെ പോലീസ് സംഘം പ്രതികളെ അറസ്റ്റുചെയ്തു. 76,40,000 രൂപ, കാര്‍, കേരള പോലീസിന്റെ രണ്ട് ജോടി യൂണിഫോം, ഫോണുകള്‍ എന്നിവ കസ്റ്റഡിയിലെടുത്തു.

പിന്നില്‍ ഉടമയുടെ വിശ്വസ്തന്‍

പണം കവര്‍ന്നെടുക്കാന്‍ പദ്ധതി തയ്യാറാക്കിയതും നടപ്പിലാക്കിയതും ജൂവലറി ഉടമയുടെ വിശ്വസ്തനായ ഗോപകുമാര്‍ എന്ന ജീവനക്കാരനാണ്. കന്യാകുമാരി, തിരുനെല്‍വേലി ഭാഗങ്ങളില്‍ സ്വര്‍ണം എത്തിക്കുന്നതിന്റെ പണം ഉടമയ്ക്ക് പതിവായി എത്തിച്ചിരുന്നതും ഇയാളായിരുന്നു.

കാറില്‍ പണവുമായി വരുന്ന വിവരം മുന്‍കൂട്ടി സുഹൃത്തുക്കളെ അറിയിക്കുകയും, പണം തട്ടിയെടുക്കാന്‍ വേണ്ട സഹായം ചെയ്തശേഷം, ഇവര്‍ രക്ഷപ്പെടാനായി സമയം നല്‍കുകയും ചെയ്തു. സംഭവം കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് പോലീസില്‍ പരാതി നല്‍കിയത്. ഇത് പ്രതികള്‍ക്ക് ജില്ല വിട്ടുപോകാന്‍ സഹായകമായി. എന്നാല്‍, തമിഴ്നാട് പോലീസ് 15 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി.

പ്രതികള്‍ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്തിയാണ് നടപടികള്‍ വേഗത്തിലാക്കിയതെന്ന് പ്രതിയുടെ വീട്ടില്‍നിന്നുതന്നെ പണം പിടിച്ചെടുക്കാനായെന്നും എസ്.പി. ഭദ്രി നാരായണന്‍ അറിയിച്ചു.

Content Highlights: gang arrested in robbery case in nagarcoil