ന്യൂഡല്‍ഹി: വിവാഹവേദികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പോലീസ് പിടിയില്‍. മധ്യപ്രദേശിലെ രാജ്ഘട്ട് ജില്ലയിലെ ഗുല്‍ഖേരി ഗ്രാമത്തില്‍നിന്നുള്ള സന്ദീപ്(26) ഹന്‍സ് രാജ്(21) സാന്ത് കുമാര്‍(32) കിഷന്‍(22) ബിഷാല്‍(20) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെയുമാണ് ഡല്‍ഹി പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഡല്‍ഹിയില്‍നിന്ന് മധ്യപ്രദേശിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവര്‍ പോലീസിന്റെ വലയിലായത്. 

ഡല്‍ഹി. എന്‍.സി.ആര്‍. മേഖലകളില്‍ വിവാഹവേദികള്‍ കേന്ദ്രീകരിച്ച് മോഷണം പതിവായതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച പോലീസ് വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങളും വിശദമായി പരിശോധിച്ചു. വിവിധ ഓഡിറ്റോറിയങ്ങളിലും ഫാംഹൗസുകളിലും ഹോട്ടലുകളിലും നിരീക്ഷണവും ഏര്‍പ്പെടുത്തി. തുടര്‍ന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

പ്രത്യേക പരിശീലനം നല്‍കിയാണ് കുട്ടികളെ ഇവര്‍ മോഷണത്തിന് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഡല്‍ഹി, എന്‍.സി.ആര്‍, മേഖലകളിലും ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളിലുമായിരുന്നു മോഷണം. വിവാഹവേദികളില്‍ അതിഥികളെന്ന വ്യാജേന എത്തുന്ന പ്രതികള്‍ മറ്റുള്ളവരുമായി സംസാരിച്ച് അടുപ്പം സ്ഥാപിക്കും. മാന്യമായി വസ്ത്രം ധരിച്ചെത്തുന്ന മോഷ്ടാക്കള്‍ ആര്‍ക്കും ഒരു സംശയത്തിനും ഇടനല്‍കിയിരുന്നില്ല. ഭക്ഷണം കഴിച്ച് മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാകും മോഷണം. അവസരം ഒത്തുവരുന്നതോടെ സ്വര്‍ണാഭരണങ്ങളോ പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ അടങ്ങിയ സമ്മാനപ്പൊതികള്‍ അടിച്ചുമാറ്റി കടന്നുകളയും. 

ഒരു മാസത്തോളം പ്രത്യേക പരിശീലനം നല്‍കിയതിന് ശേഷമാണ് 9 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളെ ഇവര്‍ മോഷണത്തിന് ഉപയോഗിച്ചിരുന്നത്. മധ്യപ്രദേശിലെ ഗ്രാമത്തില്‍നിന്ന് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് കുട്ടികളെ മോഷണത്തിന് എത്തിക്കുന്നത്. കുട്ടികളെ വിട്ടുനല്‍കുന്ന മാതാപിതാക്കള്‍ക്ക് 10 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ നല്‍കും. തുടര്‍ന്ന് ഡല്‍ഹിയിലെത്തിക്കുന്ന കുട്ടികള്‍ക്ക് വിവാഹവേദികളില്‍ എങ്ങനെ പെരുമാറണമെന്ന് ഉള്‍പ്പെടെ പരിശീലനം നല്‍കും. ഇതിനുശേഷമാണ് മറ്റുള്ളവരോടൊപ്പം മോഷണത്തില്‍ പങ്കാളികളാക്കുന്നത്. ആരെങ്കിലും പിടിക്കപ്പെട്ടാല്‍ സംഘത്തിലെ മറ്റുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന കര്‍ശന നിബന്ധനയുമുണ്ടായിരുന്നു. 

കഴിഞ്ഞദിവസം പ്രതികളെ പിടികൂടിയതോടെ എട്ടിടങ്ങളില്‍ നടന്ന മോഷണക്കേസുകള്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു. നാല് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും പ്രതികളില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

Content Highlights: gang arrested in delhi for theft in wedding venues