ബെംഗളൂരു: ഐ.പി.എസ്. ഓഫീസർ ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവാവും മൂന്നു കൂട്ടാളികളും പിടിയിൽ. ശിവമോഗ സ്വദേശിയും നെലമംഗലയിലെ താമസക്കാരനുമായ മുഹമ്മദ് സൽമാൻ (26), കൂട്ടാളികളായ രവി (34), മഞ്ജു (29), ഗോവിന്ദരാജു (24) എന്നിവരാണ് രാമനഗര പോലീസിന്റെ പിടയിലായത്. ഇവരിൽ നിന്ന് പോലീസെന്ന് ബോർഡുവെച്ച കാറും യൂണിഫോമുകളും പിടിച്ചെടുത്തു.
ചന്നപട്ടണ വില്ലേജ് ഓഫീസർ നൽകിയ പരാതിയെത്തുടർന്നാണ് സംഘം പിടിയിലായത്. ഓഫീസിലെത്തിയ സംഘം വില്ലേജ് പരിധിയിൽ പെട്ട ചില സ്ഥലത്തിന്റെ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ടു. ഐ.പി.എസ്. ഓഫീസറുടെ യൂണിഫോമിലാണ് സൽമാൻ എത്തിയത്. മറ്റുള്ളവർ ഗൺമാൻമാരെന്നും ഡ്രൈവറാണെന്നും പരിചയപ്പെടുത്തി. ഇവരുടെ പെരുമാറ്റത്തിലുണ്ടായ പൊരുത്തക്കേടുകളെത്തുടർന്ന് സംശയം തോന്നിയ വില്ലേജ് ഓഫീസർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തുന്നതിനിടെ സംഘം രക്ഷപ്പെട്ടെങ്കിലും ഇവരെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചു. തുടർന്നുനടന്ന അന്വേഷണത്തിലാണ് സംഘത്തെ രാമനഗരയിൽനിന്ന് പിടികൂടിയത്. ഐ.പി. എസ്. ഓഫീസറാണെന്നും ഓഫീസുകളിൽ റെയ്ഡ് നടത്തുമെന്നും ഭീഷണിപ്പെടുത്തി ഒട്ടേറെ സ്ഥാപനങ്ങളിൽനിന്ന് ഇയാൾ പണം തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു വർഷത്തോളമായി മൈസൂരു, മാണ്ഡ്യ, തുമകൂരു, ഗംഗാവതി, മഗഡി തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം.
ഗ്രാമീണമേഖലയിലെ സ്കൂളുകളിൽ അതിഥിയായും മുഹമ്മദ് സൽമാൻ എത്തിയിരുന്നു. സ്ഥലമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിനാണ് ഇയാൾ വില്ലേജ് ഓഫീസിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
Content Highlights: gang arrested for faking as IPS officer