കിളിമാനൂര്‍: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ അതിന്റെ ഉപയോഗം രക്ഷിതാക്കള്‍കൂടി ശ്രദ്ധിക്കണമെന്ന് പോലീസ്.

കുട്ടികളെ സൗഹൃദത്തിലൂടെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമാണ്. ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍നിന്നും സാമൂഹികമാധ്യമങ്ങളില്‍നിന്നും നമ്പരുകള്‍ ശേഖരിച്ചാണ് സംഘം കെണിയൊരുക്കുന്നത്. മരണമുറി, അറയ്ക്കല്‍ തറവാട് എന്നീ പേരുകളിലെ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ അശ്ലീല ചര്‍ച്ചകളും ദൃശ്യങ്ങളുമാണ് പങ്കുവയ്ക്കുന്നത്.

ഗ്രൂപ്പുകളിലേക്ക് പെണ്‍കുട്ടികളുടെ നമ്പരുകള്‍ ചേര്‍ത്താണ് വലയൊരുക്കുന്നത്. പിന്നീട് നമ്പരുകള്‍ വിവിധ ഗ്രൂപ്പുകള്‍ക്കും സംഘം കൈമാറും. ഈ നമ്പരുകള്‍ വഴി പെണ്‍കുട്ടികളെ ചൂഷണം ചെയ്ത് പീഡനത്തിനുവരെ സംഘങ്ങള്‍ ഇരയാക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുള്ളതായാണ് പോലീസ് നല്‍കുന്ന സൂചന.

AlsoRead: മൊബൈല്‍ ഫോണ്‍ വഴി പെണ്‍കുട്ടികളെ വലയിലാക്കുന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍...

ഗ്രൂപ്പുകളില്‍ അംഗങ്ങളായവരില്‍ ഭൂരിഭാഗവും ലഹരിയുപയോഗത്തിന് അടിമകളാണ്. മനോനില തകരാറിലായതും അക്രമവാസന പുലര്‍ത്തുന്നതുമായനിലയിലാണ് ഇവരുടെ പെരുമാറ്റവും, സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന സന്ദേശങ്ങളും. വ്യത്യസ്ത ജില്ലകളില്‍ നിന്നുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങളില്‍ പലരും. രഹസ്യസന്ദേശങ്ങള്‍ കൈമാറുന്നതിന് കോഡ് ഭാഷകള്‍ ഇവര്‍ ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്ത സംഘത്തില്‍നിന്ന് പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് അഡ്മിന്‍മാരുള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

പഠനാവശ്യങ്ങള്‍ക്കായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ ഉപയോഗത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് നല്‍കുന്ന സൂചന.