വാഷിങ്ടണ്‍: യു.എസില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. വയോമിങ്കിലെ വനമേഖലയില്‍നിന്നാണ് കാണാതായ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. യുവതിക്ക് വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

സെപ്റ്റംബര്‍ 11-നാണ് 22 വയസ്സുകാരിയായ ഗബ്രിയേലെ ഗാബി പെറ്റിറ്റോയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയത്. ഒരു സുഹൃത്തിനൊപ്പം ക്യാംപര്‍വാന്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാനില്ലെന്നായിരുന്നു പരാതി. പെറ്റിറ്റോയ്‌ക്കൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് ബ്രയാന്‍ ലൗണ്ട്രി(23) യാത്രയ്ക്കിടെ ഒറ്റയ്ക്ക് ഫ്‌ളോറിഡയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇതോടെയാണ് യുവതിയുടെ കുടുംബം പരാതി നല്‍കിയത്. ദിവസങ്ങള്‍ക്ക് ശേഷം ബ്രയാനെയും കാണാതായി. തുടര്‍ന്ന് എഫ്.ബി.ഐ. ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. 

വനമേഖലയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം കാണാതായ യുവതിയുടേതാണെന്ന് ഏറെക്കുറേ പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ലക്ഷണങ്ങളും അടയാളങ്ങളും സാമ്യമുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. എന്നാല്‍ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും ഇത് കഴിഞ്ഞാല്‍ മാത്രമേ പൂര്‍ണമായ സ്ഥിരീകരണം നല്‍കാനാകൂവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കഴിഞ്ഞ ജൂലായിലാണ് ജോലി ഉപേക്ഷിച്ച് പെറ്റിറ്റോ സുഹൃത്തിനൊപ്പം ക്യാംപര്‍ വാന്‍ യാത്ര ആരംഭിച്ചത്. ക്രോസ്-കണ്‍ട്രി യാത്രയുടെ വിവിധ ദൃശ്യങ്ങളും ചിത്രങ്ങളും ഇവര്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. യൂട്യൂബ് ചാനലിലൂടെയും യാത്രയുടെ വീഡിയോകള്‍ കാഴ്ചക്കാരിലെത്തിച്ചു. 

ഇതിനിടെ, രണ്ടാഴ്ച മുമ്പ് ബ്രയാന്‍ ലൗണ്ട്രി ഫ്‌ളോറിഡയിലെ വീട്ടില്‍ ഒറ്റയ്ക്ക് തിരിച്ചെത്തി. യുവതി ഇയാള്‍ക്കൊപ്പം തിരികെ വന്നിട്ടില്ലെന്നറിഞ്ഞതോടെ കുടുംബത്തിന് സംശയമായി. തുടര്‍ന്നാണ് സെപ്റ്റംബര്‍ 11-ന് പെറ്റിറ്റോയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയത്. ഓഗസ്റ്റ് അവസാനവാരം വയോമിങ്കില്‍നിന്നാണ് യുവതി മാതാപിതാക്കളുമായി അവസാനം സംസാരിച്ചത്. ഇതോടെ വയോമിങ്ക് കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചില്‍ നടത്തുകയായിരുന്നു.  

അതേസമയം, യാത്രയ്ക്കിടെ പെറ്റിറ്റോയും ബ്രയാനും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായും വിവരങ്ങളുണ്ട്. ഓഗസ്റ്റ് മാസം ഉട്ടാ പോലീസില്‍ ഇവരുടെ ഗാര്‍ഹിക പീഡന പരാതി ലഭിച്ചിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും ഇത് പരസ്പരം മര്‍ദനത്തില്‍ കലാശിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്. പെറ്റിറ്റോ ക്യാംപര്‍ വാനിന്റെ താക്കോല്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെന്നും യുവതിയെ തള്ളിമാറ്റിയെന്നും ബ്രയാന്‍ അന്ന് പോലീസിനോട് പറഞ്ഞിരുന്നു. പിന്നാലെ യുവതി ബ്രയാന്റെ മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ കരഞ്ഞിരിക്കുന്ന യുവതിയെയാണ് കണ്ടത്. സുഹൃത്തിന്റെ മുഖത്തടിച്ചെങ്കിലും ഉപദ്രവിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് യുവതി മൊഴി നല്‍കി. വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ കാരണമാണ് തങ്ങള്‍ക്കിടയില്‍ വഴക്കുണ്ടായതെന്നും പെറ്റിറ്റോ പോലീസിനോട് പറഞ്ഞു. ഇരുവരുടെയും വിശദീകരണങ്ങള്‍ കേട്ട പോലീസ് ഉദ്യോഗസ്ഥന്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഒരുരാത്രി രണ്ടുപേരും വേര്‍പിരിഞ്ഞിരുന്ന് ശാന്തമായി കഴിയാനായിരുന്നു നിര്‍ദേശിച്ചത്. ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബ്രയാന്‍ ഫ്‌ളോറിഡയിലെ വീട്ടില്‍ ഒറ്റയ്ക്ക് തിരിച്ചെത്തിയത്. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബ്രയാനെ പോലീസ് ചോദ്യംചെയ്‌തെങ്കിലും ഇയാള്‍ പോലീസുമായി സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാളെയും ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. മകനെ കണ്ടിട്ട് ദിവസങ്ങളായെന്നാണ് ബ്രയാന്റെ മാതാപിതാക്കള്‍ കഴിഞ്ഞദിവസം പോലീസിനോട് പറഞ്ഞത്. കേസില്‍ ബ്രയാനെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ഇയാള്‍ കുറ്റവാളിയാണെന്നാണ് പോലീസിന്റെ സംശയം. 

Content Highlights: gabby petito missing case woman body found in forest