ന്യൂഡൽഹി: രാജ്യത്തെ തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ ചൈനീസ് ഇന്റലിജൻസിന് ചോർത്തിയ സംഭവത്തിൽ ചൈനീസ് യുവതിയും കൂട്ടാളിയായ നേപ്പാൾ പൗരനും അറസ്റ്റിൽ. കഴിഞ്ഞദിവസം ഡൽഹിയിൽ അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ രാജീവ് ശർമ്മയ്ക്ക് വിവരം ചോർത്തുന്നതിന് പ്രതിഫലം നൽകിയവരാണ് ഇരുവരുമെന്ന് ഡൽഹി പോലീസ് പറഞ്ഞു.

തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ ചൈനീസ് ഇന്റലിജൻസിന് ചോർത്തിനൽകിയതിന് രാജീവ് ശർമയ്ക്ക് വലിയ തോതിൽ പണം ലഭിച്ചിരുന്നു. പിടിയിലായ ചൈനീസ് യുവതിയും കൂട്ടാളിയുമാണ് ചില ഷെൽ കമ്പനികൾ വഴി ഇയാൾക്ക് പണം നൽകിയിരുന്നത്. വലിയ തുക നൽകുന്നതിന് പകരം തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറണമെന്നായിരുന്നു ചൈനീസ് ഇന്റലിജൻസ് മാധ്യമപ്രവർത്തകനോട് ആവശ്യപ്പെട്ടിരുന്നത്. പ്രതികളിൽ നിന്ന് നിരവധി മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മറ്റുചില തന്ത്രപ്രധാനമായ രേഖകളും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

സ്വതന്ത്ര മാധ്യമപ്രവർത്തകനായ രാജീവ് ശർമ്മയെ ഒഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരമുള്ള കേസിൽ കഴിഞ്ഞദിവസമാണ് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. പ്രതിരോധ രഹസ്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഇയാളുടെ കൈവശമുണ്ടായിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും അന്വേഷണ പുരോഗതിക്കനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും പോലീസ് പറഞ്ഞു.

Content Highlights:freelance journalist chinese woman and her associate arrested in delhi for passing defense secrets