തൃശ്ശൂർ : പെണ്ണുകാണലിന് വിളിച്ചുവരുത്തി മർദിക്കുകയും സ്വർണമുൾപ്പെടെ കവരുകയും ചെയ്യുന്ന സംഘം അറസ്റ്റിൽ. പാലക്കാട് കഞ്ചിക്കോട് ഈട്ടുങ്ങപ്പടി ബിനീഷ് (44), തിരുപ്പൂർ തോന്നാംപാളയം അംബേദ്കർ നഗർ അറുമുഖം എന്ന ശിവ (39), തേനി ആട്ടിപ്പെട്ടി കുമനൻതുളു പ്രകാശ് (40), തിരുപ്പൂർ മംഗളം റോഡ് കുറുവംപാളയം വിഘ്നേഷ് (23), തിരുപ്പൂർ മംഗളം റോഡ് ലിബ്രോ കോമ്പൌണ്ട് മണികണ്ഠൻ (27), തിരുപ്പൂർ മാക്കലിയമ്മൻ തെരുവ് ശെന്തിൽ (42), തിരുപ്പൂർ മംഗളം റോഡ് സഞ്ജയ് (35) എന്നിവരെയാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെ. പ്രസാദും സംഘവും അറസ്റ്റുചെയ്തത്.

ഈ രീതിയിൽ സ്ഥിരമായി തട്ടിപ്പുനടത്തുന്നവരാണ് അറസ്റ്റിലായിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ മധ്യവയസ്കനും അയാളുടെ അടുത്ത ബന്ധുവും നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്. സമാനരീതിയിലുള്ള വേറെയും കേസുകൾ ഇവരുടെ പേരിലുണ്ട്.

പുനർവിവാഹം കഴിക്കുന്നതിനായി പത്രങ്ങളിൽ പരസ്യം നൽകുന്നവരെയാണ് സംഘം തട്ടിപ്പിൽപ്പെടുത്തുന്നത്. ഇങ്ങനെ കണ്ടെത്തുന്നവരെ ഫോണിലൂടെ ബന്ധപ്പെടുകയും തന്റെ സഹോദരിയെ വിവാഹം കഴിക്കാൻ താത്‌പര്യമുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്യും. തുടന്ന് സഹോദരിയെന്ന അവകാശവാദത്തോടെ ഏതെങ്കിലും സ്ത്രീയുടെ ചിത്രം അയച്ചുകൊടുക്കും.

തമിഴ്നാട്ടിൽ താമസിക്കുന്ന മലയാളി കുടുംബം എന്നാണ് ഇവർ പറയാറ്. സഹോദരിയുടെ ഭർത്താവ് മരിച്ചതാണ് എന്നും കുട്ടികളില്ല എന്നും ബോധ്യപ്പെടുത്തും. പൊള്ളാച്ചിയിലോ മറ്റോ പൂജക്കായി വരുന്നുണ്ടെന്നും പെണ്ണുകാണൽ അവിടത്തെ ഫാംഹൗസിൽവെച്ച് നടത്താമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയുംചെയ്യും.

ഇതെല്ലാം വിശ്വസിച്ച് പെണ്ണുകാണൽച്ചടങ്ങിന് എത്തുന്നവരെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കെട്ടിയിട്ട് മൊബൈലും സ്വർണവും പണവും കവരും. തുടർന്ന് എ.ടി.എം. കാർഡും പിന്നും കൈവശപ്പെടുത്തുകയും പണം പിൻവലിക്കുകയും ചെയ്യും. ഇതിനുശേഷം അർധരാത്രി ഇവരെ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കുകയാണ് പതിവ്.

തൃശ്ശൂർ സ്വദേശികളിൽനിന്ന് ഏഴായിരം രൂപയും സ്വർണമോതിരവും മൊബൈൽഫോണുകളും ഇവർ കവർന്നു. കൂടാതെ എ.ടി.എം. കാർഡുകൾ വഴി നാലുലക്ഷത്തിലധികം രൂപ പിൻവലിക്കുകയും ചെയ്തു.

പാലക്കാട്, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകളിലും കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും സമാനമായ കേസുകൾ ഇവർക്കെതിരേ നിലവിലുണ്ട്. തട്ടിപ്പിനിരയായ പലരും പോലീസിൽ പരാതിപ്പെട്ടിരുന്നില്ല. ഇത് കൂടുതൽ തട്ടിപ്പുകൾ നടത്താൻ പ്രതികൾക്ക് സഹായകമായി.