കൊച്ചി: എ.ഡി.ജി.പി. വിജയ് സാഖറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച സംഘത്തെ ഉത്തര്‍പ്രദേശില്‍ നിന്ന് കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടി. ഉത്തര്‍പ്രദേശ് മഥുര ജില്ലയിലെ ചൗക്കി ബംഗാറിലെ മാക് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലും ഉടമയുമായ മുഷ്താക് ഖാന്‍ (32), നിസാര്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഷ്താക് ഖാന്‍ പൊതുമേഖലാ ബാങ്കിന്റെ ബാങ്ക് മിത്ര ജീവനക്കാരനുമാണ്.

മെസേജ് അയച്ച ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും പണം ആവശ്യപ്പെട്ട ഗൂഗിള്‍ പേ നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. പ്രമുഖരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയ ശേഷം ഈ അക്കൗണ്ടില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം പണം ആവശ്യപ്പെടുന്നതായിരുന്നു രീതി.

ഗ്രാമത്തിലെ നിരക്ഷരരായ ഒട്ടേറെയാളുകളുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ച് അതില്‍ സ്വന്തം ഫോണ്‍ നമ്പറുകള്‍ മുഷ്താക് ലിങ്ക് ചെയ്തിരുന്നു. തുടര്‍ന്ന് ആ അക്കൗണ്ടുകള്‍ വഴി യു.പി.ഐ. അക്കൗണ്ടുകള്‍ തുറന്നാണ് തട്ടിപ്പ് നടത്തുന്നത്. ബാങ്കിന്റെ ആവശ്യങ്ങള്‍ക്കായി നല്‍കിയിരുന്ന ബയോ മെട്രിക് ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ട്. വ്യാജ വിലാസങ്ങളില്‍ ഒട്ടേറെ സിം കാര്‍ഡുകളും ഇയാള്‍ എടുത്തിരുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധമായ സ്ഥലമാണ് ചൗക്കി ബംഗാര്‍ ഗ്രാമം. ഉത്തര്‍പ്രദേശ്-ഹരിയാണ അതിര്‍ത്തിയിലുള്ള ഈ ഗ്രാമത്തില്‍നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് പോലീസ് പ്രതികളെ പിടിച്ചത്.