ബെംഗളൂരു: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാള്‍ യുവതിയുടെ 13.8 ലക്ഷംരൂപ തട്ടിയെടുത്തതായി പരാതി. പ്രമുഖ ഡേറ്റിങ് ആപ്പില്‍ ആംസ്റ്റര്‍ഡാമില്‍ ഡോക്ടറെന്ന് പരിചയപ്പെടുത്തിയയാളാണ് തട്ടിപ്പ് നടത്തിയത്. രാജാജിനഗര്‍ സ്വദേശിയായ 30-കാരിയായ ഐ.ടി. എന്‍ജിനിയറാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ സൈബര്‍ ക്രൈം പോലീസ് അന്വേഷണം തുടങ്ങി.

ആപ്പിലൂടെ പരിചയപ്പെട്ടശേഷം യുവതി ഇയാള്‍ക്ക് ഫോണ്‍നമ്പര്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. യുവതിയെ നേരിട്ടുകാണുന്നതിനായി യുവാവ് ആംസ്റ്റര്‍ഡാമില്‍നിന്ന് എത്തുമെന്ന് അറിയിച്ചതോടെയാണ് തട്ടിപ്പിന് തുടക്കമായത്. ആംസ്റ്റര്‍ഡാമില്‍നിന്ന് ലണ്ടന്‍വഴി ഡല്‍ഹിയിലേക്കുള്ള വിമാനടിക്കറ്റുകളുടെ ചിത്രവും യുവാവ് യുവതിക്ക് അയച്ചുനല്‍കി. തുടര്‍ന്ന് ഡല്‍ഹിയിലെത്തുമെന്ന് അറിയിച്ചദിവസം ഡല്‍ഹിയിലെത്തിയെന്നും വിമാനത്താവളത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ഇതു തീര്‍ക്കാന്‍ 50,000 രൂപവേണമെന്നും യുവാവ് അറിയിച്ചു. ഇതനുസരിച്ച് 50,000 രൂപ യുവതി യുവാവ് നല്‍കിയ അക്കൗണ്ടില്‍ നിക്ഷേപിച്ചു.

മണിക്കൂറുകള്‍ക്ക്ശേഷം വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഒരുസ്ത്രീ യുവതിയെ വിളിച്ചു. യുവാവിന്റെ ബാഗില്‍ വിലപിടിപ്പുള്ള ആഭരണങ്ങളും ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഉണ്ടെന്നും ഇവയുടെ നികുതി അടച്ചാല്‍ മാത്രമേ ഇയാളെ വിട്ടയയ്ക്കൂവെന്നായിരുന്നു ഇവര്‍ അറിയിച്ചത്. പണം ഉടനെ നല്‍കണമെന്നും അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുമെന്നും യുവാവും യുവതിയെ അറിയിച്ചു. തന്റെ ബാങ്ക് അക്കൗണ്ടില്‍ ചില പ്രശ്‌നങ്ങളുള്ളതിനാല്‍ തനിക്ക് പണം നല്‍കാന്‍ കഴിയുന്നില്ലെന്നാണ് യുവാവ് പറഞ്ഞത്.

ബെംഗളൂരുവിലെത്തിയശേഷം അക്കൗണ്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുഴുവന്‍ പണവും തിരിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. മൂന്നുദിവസത്തോളം തട്ടിപ്പ് തുടര്‍ന്നു. വിമാനത്താവളത്തിന് പുറത്തെ ഹോട്ടലില്‍ കഴിയുകയാണെന്നാണ് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചിരുന്നത്. വിവിധ ആവശ്യമുന്നയിച്ച് 13.8 ലക്ഷംരൂപയാണ് മൂന്നുദിവസത്തിനുള്ളില്‍ ഇയാള്‍ തട്ടിയെടുത്തത്. വീണ്ടും പല ആവശ്യങ്ങളുന്നയിച്ച് പണം ആവശ്യപ്പെട്ടതോടെ ഹോട്ടലിലെ നമ്പറില്‍ വിളിച്ച് യുവതി അന്വേഷിക്കുകയായിരുന്നു. എന്നാല്‍ യുവതി പറഞ്ഞ പേരിലുള്ള ഒരാള്‍ ഹോട്ടലില്‍ താമസിക്കുന്നില്ലെന്നായിരുന്നു മറുപടി. ഇതോടെ കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Content Highlights: fraud through dating app woman loses 13 lakhs