കോയമ്പത്തൂർ: പണമിരട്ടിപ്പ് വാഗ്ദാനംചെയ്ത് നിരവധി ആളുകളെ ചൂഷണംചെയ്ത കേസിൽ മലയാളി യുവാവിനെ അറസ്റ്റുചെയ്തു. തൃശ്ശൂർ താരാമംഗലം സ്വദേശി ഷെറിൻ ഷണ്മുഖമാണ് (38) കോയമ്പത്തൂർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസിന്റെ പിടിയിലായത്.

കോയമ്പത്തൂർ ശരവണംപട്ടി പ്രോസോൺ മാളിൽ 'വിൻ വെൽത്ത് ഇന്റർനാഷണൽ' എന്നപേരിൽ ഓൺലൈൻ ട്രേഡിങ് സെന്റർ നടത്തിപ്പുകാരനായിരുന്നു ഷെറിൻ. 20,000 രൂപ നിക്ഷേപിച്ചാൽ മാസം 1,600 രൂപയും 25 ആഴ്ച കഴിഞ്ഞാൽ 40,000 രൂപയും തിരിച്ചുനൽകുമെന്നാണ് വാഗ്ദാനം നൽകി വഞ്ചിച്ചതെന്ന് പോലീസ് അറിയിച്ചു.

ഒന്നര ലക്ഷം രൂപ നൽകിയതിന് 11,000 രൂപയാണ് തിരിച്ചുനൽകിയതെന്ന ഗാന്ധിപുരം സ്വദേശി എം.എം. സേവ്യറിന്റെ പരാതിയിലാണ് കേസന്വേഷണം ആരംഭിച്ചത്.

ഷെറിനെതിരേ പരാതി ലഭിച്ചശേഷം നിരവധിപേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കേരളത്തിൽ നിന്നടക്കം ആയിരത്തോളം പേരിൽനിന്നായി പത്തുകോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയതായാണ് പോലീസ് പറയുന്നത്. മുമ്പ്, മുംബൈയിൽ ആഭരണക്കച്ചവടമായിരുന്നു.

പിന്നീട് 2018-19 സമയങ്ങളിലാണ് സ്വന്തം നിലയ്ക്ക് ബിസിനസ് ആരംഭിച്ചത്. ഓൺലൈൻ ട്രേഡിങ് ആരംഭിച്ചപ്പോൾ പലർക്കും കൃത്യമായി പണം നൽകിയതിനെത്തുടർന്ന് വൻതോതിൽ നിക്ഷേപം ലഭിച്ചതോടെയാണ് ഷെറിൻ മുങ്ങിയത്.

ഈസമയം, തൃശ്ശൂരിൽ ഇയാളുടെ പേരിൽ മാളുകളും കാറും വാങ്ങിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞ ഇയാളെ വാളയാറിൽവെച്ചാണ് പോലീസ് പിടികൂടിയത്.

ഷെറിന്റെ ഭാര്യ രമ്യ, ഓഫീസിലെ സഹായികളായ സൈനേഷ്, റോയ്, ബിജുമേനോൻ എന്നിവർക്കുനേരെയും വിവിധ വകുപ്പുകളിലായി പോലീസ് കേസെടുത്തു.

Content Highlights:fraud case malayali youth arrested in coimbatore