ചങ്ങരംകുളം: ഇന്ത്യന്‍ നോട്ടിനു പകരം ദിര്‍ഹം നല്‍കാമെന്നുപറഞ്ഞ് വ്യാപാരികളുടെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രധാന പ്രതിയെ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. ബംഗ്‌ളാദേശ് സ്വദേശിയും ജാര്‍ഖണ്ഡ് വിലാസത്തില്‍ താമസക്കാരനുമായ ഫാറൂക്ക് ഷെയ്ക്കിനെ(32)യാണ് ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കല്‍ അറസ്റ്റുചെയ്തത്.

2020 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കൊപ്പം സ്വദേശികളായ സഹോദരങ്ങളുടെ വ്യാപാരസ്ഥാപനത്തിലെത്തി വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷം അഞ്ചുലക്ഷത്തിന് ദിര്‍ഹം കൈയിലുണ്ടെന്നു വിശ്വസിപ്പിച്ച് ചങ്ങരംകുളത്ത് മാട്ടം റോഡില്‍ വിളിച്ചുവരുത്തുകയും ശേഷം ദിര്‍ഹം ആണെന്നു വിശ്വസിപ്പിച്ച് ബാഗ് കൈമാറി അഞ്ചുലക്ഷം രൂപയുമായി രക്ഷപ്പെടുകയുമായിരുന്നു.

പ്രതികള്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന വിവരത്തില്‍ അന്വേഷണസംഘം പണവുമായി കടന്ന പ്രതിക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടെയാണ് സമാനമായ കേസില്‍ ഫാറൂക്ക് ഷെയ്ക്കിനെ കാസര്‍കോട് ചന്ദേര പോലീസ് പിടികൂടിയത്. എസ്.ഐ.മാരായ ഹരിഹരസൂനു, ആന്റോ ഫ്രാന്‍സിസ്, സി.പി.ഒ.മാരായ കപില്‍ദേവ്, കെന്‍സന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കാസര്‍കോട്ടെത്തി കസ്റ്റഡിയിലെടുത്തത്.