മലപ്പുറം: ജില്ലാ കളക്ടറുടെ പേരിൽ വ്യാജ ഇ-മെയിൽ സന്ദേശം അയച്ച് പണം തട്ടാൻ ശ്രമം. ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾക്കാണ് മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസ്. എന്ന പേരിൽ വ്യാജ ഇ-മെയിൽ സന്ദേശം ലഭിച്ചത്. 5000 രൂപ വിലയുള്ള അഞ്ച് ആമസോൺ ഗിഫ്റ്റ് കാർഡുകൾ വാങ്ങി jamsteh08@gmail.com എന്ന ഇ-മെയിലിലേക്ക് കളക്ടറുടെ പേരിൽ അയക്കണമെന്നാണ് സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. ഗിഫ്റ്റ് കാർഡുകൾ വാങ്ങിയാൽ ഇ-മെയിലിലൂടെ അറിയിക്കണമെന്നും സന്ദേശത്തിൽ പറയുന്നു.

വകുപ്പ് മേധാവികൾക്ക് തന്റെ പേരിലുള്ള വ്യാജ ഇ-മെയിലുകൾ ലഭിച്ചതോടെ മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തി. ഇത്തരം ഇ-മെയിലുകൾ വ്യാജമാണെന്നും ഇതിൽ വഞ്ചിതരാകരുതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വ്യാജ ഇ-മെയിൽ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും കളക്ടർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

executivecdirector29@gmail.com എന്ന മെയിലിൽനിന്നാണ് കളക്ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇ-മെയിൽ അഡ്രസിന്റെ പേര് കെ. ഗോപാലകൃഷ്ണൻ ഐ.എ.എസ്. എന്നാണ് നൽകിയിട്ടുള്ളത്. കളക്ടർ സ്വന്തം ഐ-പാഡിൽനിന്നാണ് ഇത് അയക്കുന്നതെന്നും സന്ദേശത്തിലുണ്ട്. നേരത്തെ കാസർകോട് ജില്ലാ കളക്ടറുടെ പേരിലും തമിഴ്നാട്ടിലെ നീലഗിരി ജില്ലാ കളക്ടറുടെ പേരിലും സമാനരീതിയിൽ പണം തട്ടാൻ ശ്രമം നടന്നിരുന്നു. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ നിർമിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവങ്ങളും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.


Content Highlights:fraud attempt fake email messages spreading in the name of malappuram district collector