തിരുവനന്തപുരം: പാലക്കാട് പട്ടാമ്പിയിലെ പഴയ തറവാട്ടിൽനിന്നു കിട്ടിയ ഊന്നുവടി മോശയുടെ അംശവടിയായി മാറിയതുൾപ്പെടെയുള്ള ‘അദ്ഭുത പ്രവൃത്തി’കളുടെ കഥകേട്ട് അമ്പരന്ന് മോൻസൺ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം. മോൻസണെതിരേ പുതിയ പരാതിയുമായി രംഗത്തെത്തിയ തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് സ്വദേശി സന്തോഷാണ് താൻ കൈമാറിയ പലവസ്തുക്കളും മോൻസൺ ചരിത്രാതീതകാലത്തെ അപൂർവ ശേഖരമാക്കി മാറ്റിയ തട്ടിപ്പ് വെളിപ്പെടുത്തിയത്.

പുരാവസ്തു വ്യാപാരിയായ സന്തോഷ് സിനിമാ ചിത്രീകരണത്തിന് വാടകയ്ക്കു നൽകാൻ ശേഖരിച്ച വസ്തുക്കളിൽ പലതുമാണ് മോൻസൺ തട്ടിപ്പിന് ഉപയോഗിച്ചത്. തന്റെ പക്കൽനിന്ന് ശില്പങ്ങളടക്കം വാങ്ങിയ ശേഷം മോൻസൺ മൂന്നുകോടി രൂപ നൽകാതെ വഞ്ചിച്ചെന്ന സന്തോഷിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ചിൻറെ അന്വേഷണം.

മോശയുടെ അംശവടിയായി മാറിയ തടിയിൽ തീർത്ത ശില്പഭംഗിയുള്ള ഊന്നുവടിക്ക് 50 വർഷംമാത്രമാണ് പഴക്കം. തൃശ്ശൂരിലെ എയ്യാൽ, വള്ളുവള്ളി എന്നീ സ്ഥലങ്ങളിൽനിന്ന് ഖനനത്തിലൂടെ 1940-കളിൽ കണ്ടെടുത്ത റോമൻ നാണയങ്ങളിൽ ചിലതാണ് മോൻസന്റെ വാക്ചാതുരിയിൽ യൂദാസിന്റെ വെള്ളിനാണയമായി മാറിയത്. ഇവയും സന്തോഷിന്റെ ശേഖരത്തിൽനിന്ന് മോൻസൺ വാങ്ങിയതാണ്.

പാലക്കാട്ടെ പഴയ വീട്ടിൽനിന്ന് ലഭിച്ച മരത്തിൽ തീർത്ത ഉറിയാണ് ശ്രീകൃഷ്ണന്റെ വെണ്ണക്കുടമാക്കി മോൻസൺ മാറ്റിയത്. റസൂലിന്റെ ഒലീവെണ്ണ വിളക്കായി അവതരിപ്പിച്ച് പലരെയും കബളിപ്പിച്ചത് ജൂതത്തെരുവിൽനിന്ന് ലഭിച്ച 50 വർഷത്തിനു താഴെ മാത്രം പഴക്കമുള്ള എണ്ണവിളക്കായിരുന്നു.

പഴയ ചെമ്പോല തൃശ്ശൂർ കൊക്കാലെ സ്വദേശിയായ ഗോപാൽ എന്നയാളിൽനിന്ന് 2017-ൽ പണംകൊടുത്തു വാങ്ങിയതാണെന്നും സന്തോഷ് അവകാശപ്പെട്ടു. പഴയ മലയാളം ലിപിയിൽ എഴുത്തുള്ള ഈ ചെമ്പോലയാണ് ശബരിമല ആചാരം സംബന്ധിച്ച പന്തളം രാജാവിന്റെ തിട്ടൂരമായി തെറ്റിദ്ധരിപ്പിച്ചത്.

‘എന്ന് നിന്റെ മൊയ്തീൻ’, ‘കായംകുളം കൊച്ചുണ്ണി’ തുടങ്ങി പല സനിമകളിലും ഉപയോഗിച്ച ‘പുരാവസ്തു’ക്കളാണ് സന്തോഷിൽനിന്ന് മോൻസൺ വാങ്ങിയത്. നാണയ, കറൻസി ശേഖരണം നടത്തുന്ന തന്നെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ കണ്ട് യു.എ.ഇ. കേന്ദ്രമായുള്ള സ്വകാര്യ മ്യൂസിയം അധികൃതർ ബന്ധപ്പെട്ടതോടെയാണ് ഈ മേഖലയുടെ സാധ്യതകൾ തിരിച്ചറിഞ്ഞതെന്ന് സന്തോഷ് പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരം വസ്തുക്കൾ ശേഖരിച്ചു. ഇതിനായി കടംവാങ്ങിയ പണം തിരികെ കൊടുക്കാനാകാതെ ഒളിവിൽപ്പോവേണ്ടിവന്നു. ഈ ഘട്ടത്തിൽ സഹായിക്കാമെന്ന് ഉറപ്പുതന്നാണ് മോൻസൺ ഇവയെല്ലാം കൈക്കലാക്കിയതെന്നും സന്തോഷ് പറഞ്ഞു. 30 ലക്ഷം രൂപയും മൂന്നുകോടിയുടെ പുരാശേഖരവും വാങ്ങിയശേഷം കബളിപ്പിച്ചതായാണ് സന്തോഷിന്റെ പരാതി.

മോന്‍സണ്‍ മൂന്നുദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെ വ്യാഴാഴ്ച വരെ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ വയനാടുള്ള 500 ഏക്കര്‍ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് പാലാ സ്വദേശി രാജീവില്‍നിന്ന് 1.62 കോടി രൂപ തട്ടിയെടുത്ത കേസിലാണിത്.

പ്രതി ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ലെന്നും ഇയാളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മോന്‍സണിന്റെ സാമ്പത്തിക ഇടപാടെല്ലാം ദുരൂഹമാണ്. സ്വന്തം അക്കൗണ്ട് വഴി മോന്‍സണ്‍ പണം സ്വീകരിച്ചിട്ടില്ല. ഇയാള്‍ ആരുടെ അക്കൗണ്ട് വഴിയാണ് പണം വാങ്ങിയതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.

ചെമ്പോല കൈമാറിയത് താനെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ സ്വദേശി

തൃശ്ശൂര്‍: ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരില്‍ മോന്‍സണ്‍ മാവുങ്കല്‍ പ്രചരിപ്പിച്ച ചെമ്പോല കൈമാറിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ സ്വദേശി.

പുരാവസ്തു കച്ചവടക്കാരനായ പി.എന്‍. ഗോപാലകൃഷ്ണമേനോനാണ് ഈ അവകാശവാദവുമായെത്തിയത്. ഇടനിലക്കാരനായ സന്തോഷിന് താനാണ് ചെമ്പോല കൈമാറിയതെന്ന് ഇദ്ദേഹം പറഞ്ഞു. സിനിമയ്ക്കുവേണ്ടിയെന്ന് പറഞ്ഞാണ് സന്തോഷ് ചെമ്പോല വാങ്ങിയത്. ശബരിമലയിലെ വെടിവഴിപാടിനെക്കുറിച്ചായിരുന്നു ചെമ്പോലയില്‍ എഴുതിയിരുന്നതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. തൃശ്ശൂര്‍ ഫിലാറ്റലിക് ക്ലബ്ബില്‍വെച്ചാണ് ഇത് വാങ്ങിയത്. കാലപ്പഴക്കം തോന്നിയതുകൊണ്ട് വാങ്ങി പരിശോധിപ്പിച്ചു. അപ്പോഴാണ് ശബരിമലയുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലായത്. 300 വര്‍ഷം പഴക്കമുള്ളതെന്ന് സൂചിപ്പിക്കുന്ന വര്‍ഷവും അതിലുണ്ടായിരുന്നു. എന്നാല്‍, ഇത് ആധികാരികരേഖയാണോയെന്ന് അറിയില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. വര്‍ഷങ്ങളായി പുരാവസ്തു കച്ചവടക്കാരനാണ് ഇദ്ദേഹം.

കേസെടുക്കണമെന്ന് കുമ്മനം

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തില്‍നിന്നു വ്യാജചെമ്പോല കണ്ടെത്തിയ സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി.