ലാഹോര്‍: മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് നാല് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലാണ് സംഭവം. ഇരകളായ നാല് പേരില്‍ ഒരാള്‍ കൗമാരക്കാരിയാണെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പുറംലോകം അറിഞ്ഞത്. 

വിവസ്ത്രരാക്കിയ ശേഷം വടി ഉപയോഗിച്ച് മര്‍ദ്ദനമേല്‍ക്കുന്നതിനിടെ ഒരു തുണ്ട് വസ്ത്രത്തിനായി സ്ത്രീകള്‍ കേണപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. തങ്ങളെ വെറുതേവിടണമെന്ന് സ്ത്രീകള്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും ഒരു മണിക്കൂറോളം തെരുവിലൂടെ നഗ്നരാക്കി നടത്തിച്ച ശേഷമാണ് വിട്ടയച്ചത്. 

വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പഞ്ചാബ് (പാകിസ്താന്‍) പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ദൗര്‍ഭാഗ്യകരമായ സംഭവത്തിന് കാരണക്കാരായവരില്‍ പ്രധാനികളായ അഞ്ച് പേരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് ട്വീറ്റ് ചെയ്തു. കുറ്റക്കാരായ എല്ലാവരേയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ശ്രമമെന്നും പോലീസ് വ്യക്തമാക്കി. 

തങ്ങള്‍ മാലിന്യം ശേഖരിക്കാനാണ് മാര്‍ക്കറ്റില്‍ എത്തിയതെന്നാണ് ഇരകളായ സ്ത്രീകള്‍ പോലീസിന് നല്‍കിയ മൊഴി. ദാഹിച്ചപ്പോള്‍ വെള്ളം ചോദിച്ചാണ് ഒരു കടയുടെ ഉള്ളില്‍ കയറിയത്. എന്നാല്‍ മോഷ്ടിക്കാന്‍ വന്നവരെന്ന് മുദ്രകുത്തി മറ്റ് സ്ഥാപന ഉടമകളേയും ഒപ്പം കൂട്ടി അക്രമിക്കുകയായിരുന്നുവെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 

തങ്ങളെ അക്രമിക്കുന്നത് തടയാന്‍ കണ്ട് നിന്ന ഒരാള്‍ പോലും ശ്രമിച്ചില്ലെന്നും അവര്‍ പറയുന്നു. അറസ്റ്റിലായവര്‍ക്ക് പുറമേ ഒളിവിലുള്ള മറ്റുള്ളവരെ കണ്ടെത്താന്‍ പരിശോധനകള്‍ നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

Content Highlights: four women stripped publically in pakistans faizalabad