അമ്പലപ്പുഴ: ക്ഷേത്രത്തില്‍ പൊങ്കാലയര്‍പ്പിക്കാനെത്തിയവരുടെ മാലമോഷ്ടിച്ച നാടോടിസ്ത്രീകളെ പോലീസ് അറസ്റ്റുചെയ്തു. പുറക്കാട് പുന്തല ഭഗവതിക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു മോഷണം.

മാലനഷ്ടപ്പെട്ടവര്‍ ഒച്ചവെച്ചതോടെ മറ്റുഭക്തര്‍ ചേര്‍ന്ന് ഇവരെ തടഞ്ഞുവെച്ച് പോലീസിനു കൈമാറി. തമിഴ്നാട് മധുരജില്ലയില്‍ തിരുമംഗലം മാവട്ടം ദേശത്ത് സാദന(24), കുട്ടമ്മ(30), പ്രിയ(40), മധു(37) എന്നിവരാണ് അറസ്റ്റിലായത്. പുറക്കാട് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കൈപ്പള്ളില്‍വീട്ടില്‍ ശോഭനയുടെ മൂന്നേകാല്‍പവന്റെയും പുന്തല പുത്തന്‍നട പുത്തന്‍പറമ്പുവീട്ടില്‍ അനീഷിന്റെ മകന്‍ ആയുഷിന്റെ ഒരുപവന്റെയും സ്വര്‍ണമാലകളാണു പ്രതികള്‍ പൊട്ടിച്ചത്. പൊങ്കാലയര്‍പ്പിക്കാനെത്തിയ ഇവര്‍ നാലമ്പലത്തില്‍ ദര്‍ശനംനടത്തുമ്പോഴാണു സംഭവം.

നാടോടിസ്ത്രീകള്‍ നാലമ്പലത്തിനുള്ളില്‍ക്കയറി തിക്കുംതിരക്കുമുണ്ടാക്കി മാലപൊട്ടിച്ചെടുക്കുകയായിരുന്നു. മാലനഷ്ടപ്പെട്ടവര്‍ അപ്പോള്‍ത്തന്നെ ബഹളംവെച്ചതോടെയാണു ഇവര്‍ കുടുങ്ങിയത്.

രണ്ടുവയസ്സുള്ള ആയുഷ്, അമ്മ സീനയ്‌ക്കൊപ്പമായിരുന്നു ദര്‍ശനം നടത്തിയത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്നു പോലീസ് പറഞ്ഞു. അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. ചിത്തരഞ്ജന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനുകൃഷ്ണന്‍, സുരാജ് എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.