കോഴിക്കോട്: ഗോവയുള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍പോയി 'അടിപൊളി 'ജീവിതം നയിക്കാന്‍ മോഷണം നടത്തുന്ന രണ്ട് കുട്ടിക്കള്ളന്‍മാര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍.
രാത്രിയില്‍ കൊറിയര്‍ സ്ഥാപനങ്ങളുടെ പൂട്ടുപൊളിച്ചുള്ളകവര്‍ച്ചയും വാഹനമോഷണവുമാണ് ഇവരുടെ രീതി.
നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറും ചേര്‍ന്നാണ് കുറ്റിച്ചിറ തലനാര്‍ തൊടിക വീട്ടില്‍ പുള്ളി എന്ന അറഫാന്‍ (18), മുഖദാര്‍ സ്വദേശി ഗാന്ധി എന്ന അജ്മല്‍ ബിലാല്‍ (18) എന്നിവരെയും നടുവട്ടം, മുഖദാര്‍ സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെയും പിടികൂടിയത്. രണ്ടുദിവസംകൊണ്ട് നാലു ലക്ഷം രൂപയാണ് ഇവര്‍ ഗോവയില്‍ ചെലവഴിച്ചത്.
കാര്‍ വാടകയ്‌ക്കെടുത്ത് ഗോവയിലും മറ്റും കറങ്ങാനും ലഹരിവസ്തുക്കള്‍ വാങ്ങാനും നിശാക്ലബ്ബുകളില്‍ പോകാനുമാണ് മോഷണത്തിലൂടെ കിട്ടുന്ന പണം കൂടുതലും ചെലവഴിക്കുന്നത്.
പതിനായിരത്തോളം രൂപ വിലവരുന്ന, ബ്രാന്‍ഡഡ് കമ്പനികളുടെ ഷൂകളും വസ്ത്രങ്ങളുമാണ് ഉപയോഗിക്കുന്നത്. താമസം നക്ഷത്രഹോട്ടലുകളിലും. കസബ സ്റ്റേഷന്‍ പരിധിയില്‍നിന്നും ഒരു സ്ഥാപനത്തില്‍നിന്നും മോഷ്ടിച്ച നാലുലക്ഷത്തോളം രൂപ രണ്ടുദിവസംകൊണ്ടുതീര്‍ത്തതായും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
ഒ. മോഹന്‍ദാസ്, എം. ഷാലു, ഹാദില്‍ കുന്നുമ്മല്‍, എ.പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, എ.വി. സുമേഷ് എന്നിവര്‍ ഉള്‍പ്പെടുന്ന കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളും പന്നിയങ്കര പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എം. സന്തോഷ് മോന്‍, ശശീന്ദ്രന്‍ നായര്‍, സീനിയര്‍ സി.പി.ഒ. കെ.എം. രാജേഷ് കുമാര്‍ എന്നിവരുംചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ അറഫാനെയും അജ്മല്‍ ബിലാലിനെയും റിമാന്‍ഡ് ചെയ്തു.
Content Highlights: four teens arrested in kozhikode for theft