മംഗലംഡാം: കവിളുപാറയിലെ നാല് കുട്ടികള്‍ വീടുവിട്ട് കറങ്ങാനിറങ്ങിയപ്പോള്‍ വട്ടംകറങ്ങിയത് പോലീസും വനപാലകരും നാട്ടുകാരും. കുട്ടികളെത്തിരഞ്ഞ് വ്യാഴാഴ്ചരാത്രി എല്ലാവരുടെയും ഉറക്കം നഷ്ടപ്പെട്ടെങ്കിലും വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയപ്പോള്‍ ആശ്വാസമായി. എന്തിനാണ് വീടുവിട്ടിറങ്ങിയതെന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍നില്‍ക്കാന്‍ ഇഷ്ടമില്ലെന്നും ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കിയാല്‍ മിടുക്കരായി പഠിച്ചുകൊള്ളാമെന്നുമായിരുന്നു മൂന്നുപേരുടെയും മറുപടി. വ്യാഴാഴ്ച ഉച്ചയോടെയാണ് സഹോദരങ്ങളായ രണ്ടുപേരുള്‍പ്പെടെ നാല് ആണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങിയത്. ഏഴില്‍ പഠിക്കുന്ന ഒരു കുട്ടി, രണ്ടുപേര്‍ ആറില്‍, ഒരാള്‍ മൂന്നില്‍.

പകല്‍ നന്നങ്ങാടിക്കുന്നില്‍ ചെലവഴിച്ച കുട്ടികള്‍ വൈകുന്നേരത്തോടെ മംഗലംഡാം ടൗണിലിറങ്ങി. ഇവരുടെ കൈവശം 150 രൂപയുമുണ്ടായിരുന്നു. കോളനിയിലെ ടാങ്കില്‍ വെള്ളമടിക്കുന്നതിന് കുട്ടികളിലൊരാളുടെ അച്ഛന് നല്‍കാനായി കുട്ടിയെ ഏല്പിച്ചതായിരുന്നു ഈ പണം. രാത്രി എട്ടരയോടെ മംഗലംഡാമിലെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചിറങ്ങിയപ്പോള്‍ സംശയത്തെത്തുടര്‍ന്ന് ഹോട്ടലുടമ വിവരമന്വേഷിച്ചു. ബന്ധുവീട്ടിലേക്ക് പോവുകയാണെന്നായിരുന്നു കുട്ടികളുടെ മറുപടി. രാത്രി കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താതായപ്പോള്‍ വീട്ടുകാര്‍ മംഗലംഡാം പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. ഇതോടെയാണ് കാണാനില്ലെന്ന സംഭവം അറിയുന്നത്. തുടര്‍ന്ന്, പോലീസും നാട്ടുകാരും ചേര്‍ന്ന് മംഗലംഡാമിലും പരിസരത്തും തിരച്ചില്‍തുടങ്ങി.

മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിലെ വനം ഉദ്യേഗസ്ഥര്‍ കാട്ടിലും തിരച്ചിലാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ മംഗലംഡാമില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള വണ്ടാഴി നെല്ലിക്കോട് നാട്ടുകാര്‍ കുട്ടികള്‍ റോഡിലൂടെ നടന്നുപോകുന്നത് കണ്ടു. മംഗലംഡാം പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. രാത്രിയില്‍ വടക്കേക്കളത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ പിന്നിലുള്ള മരച്ചുവട്ടിലാണ് ഉറങ്ങിയതെന്ന് കുട്ടികള്‍ പറഞ്ഞു.

മംഗലംഡാം ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കെ.ടി. ശ്രീനിവാസന്‍, എസ്.ഐ. നീല്‍ഹെക്ടര്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുട്ടികളെയും രക്ഷിതാക്കളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസിലെത്തിച്ചു. കൗണ്‍സലിങ്ങിനുശേഷം കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. കുട്ടികളിലെ രണ്ടുപേര്‍ മൂന്നുമാസംമുമ്പ് ഇത്തരത്തില്‍

വീടുവിട്ടിറങ്ങിയിരുന്നു. ആലത്തൂര്‍ തഹസില്‍ദാര്‍ കെ. ബാലകൃഷ്ണന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി. രാജലക്ഷ്മി, പഞ്ചായത്തംഗം രേഷ്മ അഭിലാഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.