വയനാട്‌: വയനാട് കല്‍പ്പറ്റയിലെ പ്രസിദ്ധ ജൈനക്ഷേത്രമായ അനന്തനാദ സ്വാമി ക്ഷേത്രത്തില്‍നിന്ന് 15 വര്‍ഷംമുമ്പ് കവര്‍ന്ന വിഗ്രഹങ്ങള്‍ കണ്ടെടുത്തു. കേസില്‍ കൊണ്ടോട്ടി സ്വദേശികളായ നാലുപേരെ അറസ്റ്റുചെയ്തു.കവര്‍ന്ന എട്ടുവിഗ്രഹങ്ങളില്‍ രണ്ടെണ്ണമാണ് കണ്ടെടുത്തത്. പ്രതികള്‍ കോഴിക്കോട് പെരുവയല്‍ കോട്ടയാട്ട് ഭഗവതീക്ഷേത്രം, കിഴിശേരി പുളിയക്കോട് മുണ്ടയ്ക്കല്‍ കരിങ്കാളി ക്ഷേത്രം എന്നിവിടങ്ങളിലും കവര്‍ച്ച നടത്തിയിട്ടുണ്ട്.

കിഴിശ്ശേരി പുളിയക്കോട് സ്വദേശികളായ മാരത്തില്‍ മുഹമ്മദ് (41), ആക്കപ്പറമ്പ് വട്ടക്കണ്ടത്തില്‍ സുകുമാരന്‍ (ബാബു -45), നീറാട് സ്വദേശികളായ ആക്കത്തൊടി മുഹമ്മദലി (43), ജൈസല്‍ ഇളക്കുത്ത് (38) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രധാനപ്രതി നീറാട് സ്വദേശിയും വയനാട്ടില്‍ താമസക്കാരനുമായ അബൂബക്കര്‍ (ചന്ദന അബു-49) കൊലപാതകത്തിനും മോഷണക്കേസുകളിലുമായി മാനന്തവാടി ജില്ലാ ജയിലിലാണ്. അനന്തനാദസ്വാമി ക്ഷേത്രത്തില്‍ 2002-ലാണ് കവര്‍ച്ച നടന്നത്.

1500-ഓളം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ 1933-ല്‍ പുനഃപ്രതിഷ്ഠ നടത്തിയ പത്മാവതീ ദേവിയുടെയും ജ്വാലാമാലിനീ ദേവിയുടെയും പീഠവും പ്രഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്ന രണ്ട് പഞ്ചലോഹ വിഗ്രഹങ്ങള്‍, തീര്‍ഥങ്കരന്‍മാരുടെ പിച്ചളയിലുള്ള വിഗ്രഹങ്ങള്‍, പഞ്ചപരമേഷ്ടി വിഗ്രഹം, നവദേവതമാരുടെ വിഗ്രഹങ്ങള്‍, വെള്ളിയിലുള്ള മൂന്ന് പൂജാപാത്രങ്ങള്‍, വിഗ്രഹത്തില്‍ അണിയിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് കവര്‍ന്നത്.

ഇതില്‍ പത്മാവതീദേവിയുടെയും ജ്വാലാമാലിനീദേവിയുടെയും വിഗ്രഹങ്ങള്‍ കൈയും തലയും അറുത്ത നിലയിലാണ് കണ്ടെത്തിയത്. പ്രഭാവലയങ്ങള്‍ പൊട്ടിക്കുകയുംചെയ്തു. കവര്‍ന്ന മറ്റുവിഗ്രഹങ്ങളും വസ്തുക്കളും വില്‍പ്പന നടത്തിയെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. വിലമതിക്കാനാവാത്ത വിഗ്രഹങ്ങള്‍ വിദേശത്തേക്കുകടത്തി വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ടാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. എന്നാല്‍ ക്ഷേത്രത്തിലെ കവര്‍ച്ച നാട്ടില്‍ കോളിളക്കം സൃഷ്ടിക്കുകയും മാധ്യമങ്ങള്‍ ഏറെക്കാലം ചര്‍ച്ചയാക്കുകയും ചെയ്തതോടെ വിഗ്രഹങ്ങള്‍ വിദേശത്തേക്ക് കടത്താന്‍ കഴിഞ്ഞില്ല. വില്‍ക്കാന്‍ കഴിയാതായതോടെ വിഗ്രഹങ്ങള്‍ ഏറെക്കാലം മണ്ണില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു.

പഞ്ചലോഹവിഗ്രഹങ്ങള്‍ വില്‍ക്കുന്നത് എളുപ്പമല്ലെന്ന് മനസ്സിലായതോടെ വിഗ്രഹങ്ങളിലെ സ്വര്‍ണം വേര്‍തിരിക്കാന്‍ ശ്രമിച്ചു. വിഗ്രഹം ഉരുക്കുന്നതിനായാണ് കൈകളും തലയും മുറിച്ചു മാറ്റിയത്. എന്നാല്‍ സ്വര്‍ണം വേര്‍തിരിക്കുന്നത് ലാഭകരമല്ലെന്ന് കണ്ട് പിന്തിരിഞ്ഞു.

രണ്ടുമാസംമുമ്പ്, വിലപിടിപ്പുള്ള വിഗ്രഹങ്ങള്‍ ചിലര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റയ്ക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘത്തിന് അന്വേഷണച്ചുമതല നല്‍കി.

സംഘാംഗങ്ങള്‍ വിഗ്രഹം വാങ്ങാനെത്തിയവര്‍ എന്ന നിലയില്‍ പ്രതികളുമായി ബന്ധം സ്ഥാപിച്ചാണ് കവര്‍ച്ചയ്ക്ക് തുമ്പുണ്ടാക്കിയത്.

Content highlights:  Ananthanatha Swami Temple, Idol theft, Panchaloha idol, Jain temple