പഴനി: പഴനിക്കുസമീപം വത്തക്കൗണ്ടന്‍വലസിലെ തോട്ടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

ദിണ്ടിക്കല്‍ ജില്ലാ വത്തക്കൗണ്ടന്‍ വലസ് ഗ്രാമത്തിലെ തോട്ടത്തില്‍ താമസിച്ചുവന്നിരുന്ന ചിന്‍രാസ് (52), ഇവരുടെ ഭാര്യ വളര്‍മതി (42), മകള്‍ ശിവരഞ്ജിനി (21), മകന്‍ കാര്‍ത്തികേയന്‍ (18) എന്നിവരെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ശിവരഞ്ജിനി ബി.എസ്സി. ബിരുദധാരിയും കാര്‍ത്തികേയന്‍ ബി.കോം. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമാണ്. ശനിയാഴ്ച പുലര്‍ച്ചെരണ്ടുമണിയോടെയാണ് സംഭവം. ആദ്യഘട്ട പോസ്റ്റ്‌മോര്‍ട്ടത്തില്‍ നാലുപേരുടെയും ഉള്ളില്‍ വിഷംചെന്നതായും കണ്ടെത്തി.

കര്‍ഷകനായ ചിന്‍രാസിന് അഞ്ചേക്കര്‍ കൃഷിഭൂമിയും കന്നുകാലികളുമാണുള്ളത്.നാലു പേരും വെള്ളിയാഴ്ച പഴനിക്കടുത്ത് വേലായുധപാളയംപുതൂരിലുള്ള ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തതിനുശേഷം രാത്രി ഒമ്പതുമണിക്ക് വിട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഇവരുടെ തോട്ടത്തിലുള്ള ചോളവൈക്കോലില്‍ തീകത്തുന്നത് കണ്ട അയല്‍വാസികള്‍ ചിന്‍രാസിന്റെ ഫോണ്‍നമ്പറുമായി ബന്ധപ്പെട്ടെങ്കിലും ആരും എടുത്തില്ല.

വീട്ടിലാരും ഉണ്ടായിരുന്നില്ലെന്ന് തോന്നിയതോെട അയല്‍വാസികള്‍ പഴനി ഫയര്‍ഫോഴ്‌സ് അധികൃതരെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് അധികൃതര്‍ തീയണച്ചപ്പോള്‍ അതില്‍ കത്തിക്കരിഞ്ഞനിലയിലായ നാലുപേരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, ആയ്ക്കുടി പോലീസ് സ്ഥലത്തെത്തി.

സൗത്ത് ഡിവിഷന്‍ ഐ.ജി. അന്‍പ്, ദിണ്ടിക്കല്‍ ഡി.ഐ.ജി. വിജയകുമാരി, എസ്.പി. ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

ആദ്യം കൊലപാതകമാണെന്ന് സംശയമുണ്ടായതോടെ നാലു പേരുടെയും മൃതദേഹങ്ങള്‍ പരിശോധനയ്ക്കായി ദിണ്ടിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഡോ. മുത്തുകുമാര്‍, ഡോ. സിദ്ധിഖ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇതില്‍ നാലുപേരുടെയും ഉള്ളില്‍ വിഷംചെന്നതായി കണ്ടെത്തി.
വിശദമായ ആന്തരികപരിശോധനയ്ക്കായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി.

പഴനി ആയ്ക്കുടിപോലീസ് കേസെടുത്തു. വിട്ടീലുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.ചിന്‍രാസിന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മാനസികാ സമ്മര്‍ദ്ദത്തിന് ചികിത്സയിലായിരുന്നുവെന്നും സൂചനയുണ്ട്.ഇവരുടെ മകന്‍ കാര്‍ത്തികേയന് കിഡ്‌നി പ്രശ്‌നം ഉണ്ടായിരുന്നത് കുടുംബത്തെ അലട്ടിയിരുന്നുവെന്നും പോലീസ് പറയുന്നു.