മധുര: നാലു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. മധുര ജില്ലയിലെ ചോഴവന്താനില പൂമേട്ടു തെരു സ്വദേശികളായ ധാവമണി, ഇയാളുടെ അമ്മ പാണ്ഡി അമ്മാള്‍ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇരുവരെയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു.
നാലാമതും പെണ്‍കുഞ്ഞായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഇവരുടെ മൊഴി. എരിക്കിന്‍ പാല്‍ നല്‍കിയ ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വൈഗ നദിക്ക് സമീപം മൃതദേഹം മറവ് ചെയ്തു. ഉറക്കത്തിനിടെ കുഞ്ഞ് മരിച്ചെന്നായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പോലീസില്‍ പരാതി നല്‍കി.
പോലീസെത്തി വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഇരുവരും കൊലപാതകമാണെന്ന് പറഞ്ഞിരുന്നില്ല. പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് മരണകാരണം വ്യക്തമായത്. ഇതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവത്തില്‍ ധാവമണിയുടെ ഭാര്യയും കുഞ്ഞിന്റെ അമ്മയുമായ ചിത്രയ്ക്ക് പങ്കില്ലെന്ന് എ.സി.പി. എസ്. വനിത മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ അമ്മ അറിയാതെയാണ് ഇരുവരും കൃത്യം നടത്തിയത്. മൂന്ന് മാസത്തിനിടെ രണ്ടാമത്തെ പെണ്‍കുഞ്ഞാണ് മധുരയില്‍ സമാനരീതിയില്‍ കൊല്ലപ്പെടുന്നത്. മാര്‍ച്ചില്‍ ചെക്കനൂറാണി ഗ്രാമത്തില്‍ ഇതേരീതിയില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ മുത്തച്ഛനടക്കം മൂന്ന് പേരേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: four day old baby girl killed by father and grand mother in madurai