ന്യൂഡൽഹി: വ്യവസായിയെ കൊല്ലാൻ പദ്ധതിയിട്ട നാലംഗ ഗുണ്ടാസംഘത്തെ വെടിവെപ്പിലൂടെ കീഴ്‌പ്പെടുത്തി. തിങ്കളാഴ്ച രാവിലെ വെസ്റ്റ് ഡൽഹിയിലെ ജാഫർപുർ കലാൻ മേഖലയിൽവെച്ചാണ് പോലീസ് ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്തത്. വെടിവെപ്പിൽ പരിക്കേറ്റ മൂന്നു പേരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നജഫ്ഘട്ടിലെ വ്യവസായിയെ കൊല്ലാനായി ബൈക്കുകളിൽ യാത്ര ചെയ്യുന്നതിനിടെയാണ് നാലംഗ സംഘത്തെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പിന്തുടർന്നത്. ഇതോടെ ബൈക്കിലുണ്ടായിരുന്നവർ പോലീസിന് നേരേ വെടിയുതിർത്തു. തുടർന്ന് പോലീസും തിരികെ വെടിവെച്ചു.

നിരവധി തവണ പോലീസും ഗുണ്ടാസംഘവും പരസ്പരം വെടിയുതിർത്തതായാണ് റിപ്പോർട്ട്. ഒടുവിൽ നാലു പേരെയും പോലീസ് സംഘം പിടികൂടുകയായിരുന്നു. വെടിവെപ്പിൽ പരിക്കേറ്റ മൂന്ന് പ്രതികളെ പിന്നീട് പോലീസ് തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Content Highlights:four criminals arrested by delhi police after shoot out