മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ സഹോദരങ്ങളായ നാല് കുഞ്ഞുങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസിൽ ബലാത്സംഗക്കുറ്റം ചുമത്തിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം, കൊലപാതകം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
ഒക്ടോബർ 16-നാണ് സഹോദരങ്ങളായ നാല് കുഞ്ഞുങ്ങളെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. 13, ആറ് വയസ്സുള്ള പെൺകുട്ടികളും 11, എട്ട് വയസ്സുള്ള ആൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 15-ന് രാത്രിയോടെ കൊലപാതകം നടന്നതായാണ് പോലീസിന്റെ നിഗമനം. കുട്ടികളെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ച കോടാലിയും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു.
സംഭവദിവസം കുട്ടികളുടെ മാതാപിതാക്കൾ മൂത്ത മകനെയും കൂട്ടി ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. കുട്ടികളെ ശ്രദ്ധിക്കാൻ മൂത്ത മകന്റെ സുഹൃത്തുക്കളെ ഏൽപ്പിച്ച ശേഷമാണ് ഇവർ വീട്ടിൽനിന്ന് പോയത്. എന്നാൽ പിറ്റേദിവസം വീട്ടുടമ ഇവിടെ എത്തിയപ്പോൾ നാല് കുഞ്ഞുങ്ങളെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവമറിഞ്ഞ് കൊല്ലപ്പെട്ട കുട്ടികളുടെ സഹോദരൻ അതീവ ദുഃഖത്തോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അവർ നാല് പേരും വളരെ ചെറുതായതിനാലാണ് സുഹൃത്തുക്കളോട് അവരെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷേ, അവർ ഇത്തരം ക്രൂരമായി പ്രവൃത്തിയാണ് ചെയ്തതെന്നായിരുന്നു സഹോദരന്റെ പ്രതികരണം.
അതിനിടെ, ഇതുവരെ പ്രതികളെ പിടികൂടാത്തതിൽ പോലീസിനെതിരെ ജനരോഷം ശക്തമാവുകയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നുമായിരുന്നു ഐ.ജിയുടെ പ്രതികരണം. കഴിഞ്ഞദിവസം ജൽഗാവിലെത്തിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും ഇതേകാര്യം തന്നെയാണ് ആവർത്തിച്ചത്.
Content Highlights:four children killed in maharashtra police added rape charges with murder case