കലവൂര്‍: പോലീസ് പിന്തുടര്‍ന്ന നാലുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലിലിടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതരപരിക്ക്. കലവൂര്‍ സ്വദേശികളായ പന്നിശ്ശേരിവെളി പുഷ്‌കരന്റെ മകന്‍ ജിന്‍സിമോന്‍ (21), തകിടിവെളി അശോകന്റെ മകന്‍ അജയ് (20), നമ്പുകുളങ്ങരവെളി പ്രകാശന്റെ മകന്‍ രാഹുല്‍ (21), മണ്ണഞ്ചേരി വെളിയില്‍ നാസറിന്റെ മകന്‍ നാദിര്‍ഷ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ജിന്‍സിമോന്റെയും നാദിര്‍ഷയുടെയും നില അതിഗുരുതരമാണ്. വളവനാട് സ്വയംപ്രഭാ ജങ്ഷനില്‍ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു അപകടം. നാല് പേരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് പിന്‍തുടര്‍ന്നപ്പോള്‍ യുവാക്കള്‍ അമിതവേഗതയില്‍ പായുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ബൈക്കിന് മുന്‍പില്‍ പോയ വാന്‍ വലത്തേക്ക് തിരിയുന്നതിനിടെ മറികടക്കാന്‍ ശ്രമിച്ചപ്പോളാണ് വാനിലിടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറിയത്. പോലീസ് സംഘം യുവാക്കളെ അപകടസ്ഥലത്തുനിന്ന് മാറ്റി അതുവഴിവന്ന ഓട്ടോറിക്ഷകളിലും കാറിലുമായി ആശുപത്രിയിലെത്തിച്ചു.

വളവനാട് ബീവറേജസിന് സമീപം നാലുപേര്‍ ബൈക്കില്‍ ഇരിക്കുമ്പോഴാണ് പോലീസ് ജീപ്പ് വന്നത്. പോലീസിനെ കണ്ട് സംഘം ബൈക്ക് സ്റ്റാര്‍ട്ടാക്കി പോയി.

ഇതുകണ്ട് പോലീസ് ഇവരെ പിന്‍തുടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അതേസമയം വീടുകളിലെ ക്വാറന്റീനില്‍ കഴിയുന്ന കോവിഡ് ബാധിതരെ നിരീക്ഷിക്കാനാണ് പോലീസ് അതുവഴിവന്നതെന്ന് മണ്ണഞ്ചേരി സി.ഐ. രവി സന്തോഷ് പറഞ്ഞു.

Content Highlights: four bike passengers met with accident in kalavoor alappuzha