കൊച്ചി:  നെടുമ്പാശ്ശേരിയില്‍ 168 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി നാല് യുവാക്കള്‍ പോലീസ് പിടിയില്‍. പെരുമ്പാവൂര്‍ അല്ലപ്ര വേലംകുടി വീട്ടില്‍ സഫീര്‍ മൊയ്തീന്‍ (24) ആലുവ തോട്ടുമുഖം മുണ്ടക്കല്‍ വീട്ടില്‍ ഹാഷിം (23) വെങ്ങോല പെയ്‌നാടി വീട്ടില്‍ ജസീല്‍ പി.ജലീല്‍ (24) ഉളിയന്നൂര്‍ കാടുകണ്ടത്തില്‍ വീട്ടില്‍ ആസിഫ് (22) എന്നിവരെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

ബെംഗളൂരുവില്‍നിന്ന് കാര്‍ മാര്‍ഗം മയക്കുമരുന്ന് കടത്തിയ സംഘത്തെ ദേശീയപാതയില്‍ കരിയാട് ജങ്ഷനില്‍വെച്ചാണ് പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയത്. കാറിന്റെ സ്റ്റിയറിങ്ങിനടിയിലെ രഹസ്യ അറയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.  മയക്കുമരുന്നു തൂക്കാനുള്ള ത്രാസും കാറില്‍നിന്ന് കണ്ടെടുത്തു. പോലീസ് വളഞ്ഞപ്പോള്‍ ഇവര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. ഇതിനു മുമ്പും ഇവര്‍ മയക്കുമരുന്ന് കടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്.

എറണാകുളം റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡിവൈ.എസ്.പി  പി.കെ.ശിവന്‍ കുട്ടി, നെടുമ്പാശ്ശേരി എസ്.എച്ച്.ഒ പി.എം.ബൈജു തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ ആര്‍ക്കുവേണ്ടിയാണ് മയക്കുമരുന്നു കൊണ്ടുവന്നതെന്ന് പരിശോധിക്കുമെന്നും എസ്.പി കെ.കാര്‍ത്തിക്ക് പറഞ്ഞു.

കഴിഞ്ഞയാഴ്ച വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 225 കിലോഗ്രാം കഞ്ചാവ് കറുകുറ്റിയില്‍ നിന്നും ഇതേ പോലീസ് സംഘം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദമ്പതിമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ റിമാന്‍ഡിലാണ്.

Content Highlights: four arrested with mdma drugs in nedumbassery kochi