മംഗളൂരു: തേൻകെണിയൊരുക്കി ഭീഷണിപ്പെടുത്തി യുവാവിൽനിന്ന് 30 ലക്ഷം രൂപ കവർന്ന കേസിൽ യുവതിയുൾപ്പെടെ നാലുപേർ അറസ്റ്റിൽ. ബണ്ട്വാൾ സ്വദേശിനി തനിഷ രാജ്, കൊട്ട്യാട് കട്ടപ്പുനി മുഹമ്മദ് ഷാഫി, സാവനൂർ അട്ടിക്കെരെയിലെ അസർ, മന്തൂർ അംബേദ്കർ ഭവനിലെ എം. നസീർ എന്നിവരെയാണ് പുത്തൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇവരിൽനിന്ന് 7.5 ലക്ഷം രൂപ കണ്ടെടുത്തു. ബാക്കി തുക കണ്ടെത്താൻ ഇവരെ ചോദ്യം ചെയ്യുകയാണ്. രണ്ടുപേർക്കെതിരേ കേസെടുത്തിട്ടുമുണ്ട്. ഇതിൽ ഒരാൾ വിദേശത്തേക്ക് കടന്നതായും പോലീസ് പറഞ്ഞു.

മുദ്‌നൂർ നെട്ടണികെ ബീച്ചഗഡ്ഡെയിലെ അബ്ദുൾ നസീറിന്റെ പരാതിയിലാണ് അറസ്റ്റ്. അഞ്ചുമാസം മുമ്പ് പരാതിക്കാരന്റെ വാട്സാപ്പിലേക്ക് തനിഷ രാജ് ’ഹായ്’ എന്ന സന്ദേശം അയച്ചാണ് കെണിയൊരുക്കിയത്. തുടരെ മൂന്നുതവണ ഇത്തരം സന്ദേശം വന്നപ്പോൾ യുവാവ് മറുപടി അയച്ചു. തുടർന്ന് ഇവർ നിരന്തരം സന്ദേശങ്ങൾ അയയ്ക്കുകയും വീഡിയോകോൾ വഴി സംസാരിക്കുകയും ചെയ്ത് സൗഹൃദം സ്ഥാപിച്ചു. പിന്നീട് ഫോണിൽ വിളിച്ച് നേരിട്ട് കാണാനായി ആളൊഴിഞ്ഞ സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. അതുപ്രകാരം അബ്ദുൾ നസീർ എത്തിയപ്പോൾ മറ്റ് അഞ്ചുപേർ ചേർന്ന് 30 ലക്ഷം രൂപ ആവശ്യപ്പെട്ടു.

പണം നൽകിയില്ലെങ്കിൽ തനിഷയുമായുള്ള വീഡിയോകോളിലെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടുതവണകളായി 30 ലക്ഷം രൂപ നൽകിയശേഷം യുവാവ് തെളിവുസഹിതം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഗണ പി. കുമാറിന്റെ നിർദേശത്തെത്തുടർന്ന് പുത്തൂർ സി.ഐ. തിമ്മപ്പ നയിക്, എസ്‌.ഐ. എം.വൈ. ഉദയരവി എന്നിവരുടെ നേതൃത്വത്തിലാണ് പണം തട്ടിയ സംഘത്തെ അറസ്റ്റുചെയ്തത്.