അഞ്ചാലുംമൂട് (കൊല്ലം): യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ അഞ്ചാലുംമൂട് പോലീസ് പിടികൂടി. കുണ്ടറ കുമ്പളം സലിം നിവാസിൽ സലിം സജി(26)യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

സംഭവത്തിൽ ഉൾപ്പെട്ട വധശ്രമമുൾപ്പെടെയുള്ള കേസുകളിലെ പ്രതികളായ കൊല്ലം ഓലയിൽ സോണി ഡയിലിൽ സോണി (23), കൊല്ലം പി.ഡബ്ല്യു.ഡി. പുതുവൽ പുരയിടത്തിൽ മെൽബിൻ (30), മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡം ആർ.എസ്.വില്ലയിൽ ജാക്സൺ (29), തൃക്കടവൂർ മതിലിൽ ചിറക്കര ജങ്ഷനിൽ കൃപാലയം വീട്ടിൽ ഐസക് ഡിക്സൺ (21) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് പറഞ്ഞത്: കുമ്പളം സ്വദേശിയായ സലിംസജിയും സുഹൃത്ത് റിബിൻരാജുമായി കൊല്ലം തോടിന് സമീപമുള്ള സുഹൃത്തിന്റെ വീട്ടിൽ ബർത്ത്ഡേ പാർട്ടിക്കു പോയി. അവിടൈവച്ച് കേസിലെ ഒന്നാംപ്രതിയായ സോണിയുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് വീട്ടിലേക്കുപോയ സലിംസജിയെയും സുഹൃത്തിനെയും മതിലിൽഭാഗത്തുെവച്ച് ബൈക്ക് തടഞ്ഞു വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സലിംസജി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. അപകടനിലതരണംചെയ്തിട്ടില്ല.

ജാക്സൺ 2020-ലെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ നിൽക്കുകയാണ്. ഒന്നാം പ്രതി സോണിയെ സംഭവത്തിനടുത്ത ദിവസം തന്നെ പിടികൂടിയിരുന്നു. മറ്റ് പ്രതികൾ ഇരവിപുരം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഒളിവിൽക്കഴിയുന്നതായി എ.സി.പി.ക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. അഞ്ചാലുംമൂട് എസ്.എച്ച്.ഒ. ബിനു ജി., പ്രിൻസിപ്പൽ എസ്.ഐ.ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ.മാരായ ലഗേഷ്കുമാർ, റഹിം, സിറാജുദ്ദീൻ, ജയപ്രകാശ്, ഹരിശങ്കർ, എ.എസ്.ഐ. ഓമനക്കുട്ടൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.